GeneralLatest

വടകര റസ്റ്റ് ഹൗസ് സന്ദർശിച്ചപ്പോൾ വൃത്തിഹീനമായ പരിസരവും നിറയെ മദ്യകുപ്പികളും: നടപടി എടുക്കുമെന്ന് മുഹമ്മദ്‌ റിയാസ്


വടകര ;റസ്റ്റ് ഹൗസ് സന്ദർശിച്ചപ്പോൾ വൃത്തിഹീനമായ പരിസരവും നിറയെ മദ്യകുപ്പികളും കണ്ടെത്തിയെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയറോട് ആവശ്യപ്പെട്ടുവെന്ന് മന്ത്രി പറഞ്ഞു.

നവീകരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുവാന്‍ വടകര റസ്‌റ്റ്‌ ഹൗസിൽ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ്‌ റിയാസിന്റെ മിന്നൽ പരിശോധന. രാവിലെ പത്തരയോടെയാണ് മന്ത്രി റസ്റ്റ് ഹൗസിൽ എത്തിയത്. പരിസരത്തുനിന്ന്‌ ഒഴിഞ്ഞ മദ്യകുപ്പികളും, മാലിന്യക്കൂമ്പാരവും കണ്ടെത്തി.

പരിശോധനയുടെ ലൈവ് വീഡിയോ മന്ത്രി ഫെയ്സ്ബുക്കിൽ പങ്കുവച്ചു. മദ്യക്കുപ്പികൾ കണ്ടതോടെ റസ്റ്റ് ഹൗസിലെ ജീവനക്കാരനോട് മന്ത്രി ദേഷ്യപ്പെടുന്നതും വീഡിയോയിൽ വ്യക്തമാണ്. ‘ഇത്രയധികം കുപ്പി ഇവിടെ വരാൻ എന്താ കാരണം. മദ്യ കുപ്പിയല്ലേ അത്? ഇതൊന്നും അത്ര നല്ല കുപ്പി അല്ലാട്ടോ. റസ്റ്റ് ഹൗസിൽ മദ്യപാനം പാടില്ലെന്നറിയില്ലേ? എന്താ നിങ്ങൾക്ക് ബാധകമല്ലേ’ തുടങ്ങിയ മന്ത്രി ഉദ്യോ​ഗസ്ഥനോട് ക്ഷുഭിതനവുന്നതും വീഡിയോയിൽ കാണാം.

ഇതോടെ റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമായതിന് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയെടുക്കാൻ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എൻജിനീയറോട് ആവശ്യപ്പെട്ടു.

അതേസമയം, മുൻപ് തിരുവനന്തപുരം റസ്റ്റ് ഹൗസിൽ മിന്നൽ സന്ദർശനം നടത്തിയപ്പോഴും മന്ത്രി സമാന രീതിയിൽ പ്രതികരണം നടത്തിയിരുന്നു. റസ്റ്റ്​ഹൗസും പരിസരപ്രദേശങ്ങളും വൃത്തിയാക്കിയിടാത്തതിനെ തുടർന്ന്​ മന്ത്രി ജീവനക്കാരോട്​ അന്ന് ക്ഷുഭിതനായിരുന്നു.
ഇങ്ങനെ പോയാൽ മതിയെന്ന്​ വിചാരിച്ചാൽ അത്​ നടപ്പില്ല. സർക്കാർ ഒരു തീരുമാനമെടുത്താൽ ജീവനക്കാരും അതിനൊപ്പം നിൽക്കണമെന്നും, സർക്കാർ തീരുമാനം പൊളിക്കാൻ ആരും വിചാരിച്ചാലും നടക്കില്ലെന്നും മുഹമ്മദ്​റിയാസ്​  അന്ന് പറഞ്ഞിരുന്നു

.


Reporter
the authorReporter

Leave a Reply