Election newsLatestPolitics

യുഡിഎഫ് കള്ള പ്രചാരണങ്ങൾ തകരും: ജില്ലയിൽ മുഴുവൻ സീറ്റുകളിലും എൽഡിഎഫ് വിജയമുറപ്പ്: അഡ്വ. പി ഗവാസ്

Nano News

കോഴിക്കോട്: യുഡിഎഫ് കള്ളപ്രചാരണങ്ങൾ തകരുമെന്നും ജില്ലയിൽ മുഴുവൻ സീറ്റുകളിലും എൽഡിഎഫ് വിജയമുറപ്പെന്നും സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്. പണമൊഴുക്കിയും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള കള്ള പ്രചാരണങ്ങളിലൂടെയും ജനവിധി തങ്ങൾക്കനുകൂലമാക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. പല മുഖ്യധാരാ മാധ്യമങ്ങളെയും ഇതിനായി യുഡിഎഫ് കൂട്ടുപിടിച്ചു. എന്നാൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസന നേട്ടങ്ങൾ അനുഭവിക്കുന്ന വോട്ടർമാർ ഇത്തരം പ്രചാരവേലകളെ കാറ്റിൽ പറത്തും. ജില്ലയിൽ സമ്പൂർണ വിജയം നേടുന്നതിനൊപ്പം ഇടതുപക്ഷത്തിന്റെ തുടർഭരണത്തിനുള്ള കൈചേർത്തുപിടിക്കൽ കൂടിയാവും കോഴിക്കോടിന്റെ പിന്തുണ. പത്ത് വർഷം എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വികസനവും ജനക്ഷേമ പ്രവർത്തനങ്ങളും ജനങ്ങൾക്ക് മുമ്പിലുണ്ട്. 2134 കോടി രൂപ ചെലവിലാണ് വയനാട്ടിലേക്ക് ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാത വരുന്നത്. കോഴിക്കോട് ചേവായൂരിലാണ് രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി ഒരുങ്ങുന്നത്. പേരാമ്പ്രയിലെ മുതുകാട് കോഴിക്കോട് ബയോളജിക്കൽ പാർക്കും സഫാരി പാർക്കുമെല്ലാം വരുന്നതോടെ ടൂറിസം രംഗത്ത് ജില്ലയ്ക്ക് വലിയ കുതിച്ചു കയറ്റമുണ്ടാവും. അടിസ്ഥാന സൗകര്യ വികസനത്തിൽ വൻകിട സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന നിലയിലാണ് കോഴിക്കോട് മെഡിക്കൽ കോളെജ് ഇന്നുള്ളത്.
വിദ്യാലയങ്ങളും ആശുപത്രികളും വില്ലേജ് ഓഫീസുകൾ ഉൾപ്പെടെ സർക്കാർ ഓഫീസുകളുമെല്ലാം ഹൈടെക്കായി മാറി. പാലങ്ങളും റോഡുകളുമെല്ലാം പണിത് ഗതാഗത മേഖലയിലും വൻ കുതിച്ചു കയറ്റം സൃഷ്ടിച്ചു. വ്യാവസായിയ- കാർഷിക- ആരോഗ്യ- വിനോദസഞ്ചാര രംഗത്തെല്ലാം സമാനതകളില്ലാത്ത വികസനമാണ് ജില്ലയിൽ ഉണ്ടായത്. കേരള രൂപീകരണത്തിന് ശേഷം ഇത്രയധികം പേർക്ക് പട്ടയം കൊടുത്ത മറ്റൊരു സർക്കാറില്ലെന്നതാണ് യാഥാർത്ഥ്യമെന്നും ഗവാസ് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പതിമൂന്ന് മണ്ഡലങ്ങളിൽ പതിനൊന്നിലും ഇടതുപക്ഷമാണ് വിജയം നേടിയത്. വടകര, കൊടുവള്ളി മണ്ഡലങ്ങൾ മാത്രമാണ് നേരിയ ഭൂരിപക്ഷത്തോടെ യുഡിഎഫിന് ഒപ്പം നിന്നത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ടവ കൂടി ഇത്തവണ തിരിച്ചുപിടിക്കാൻ കഴിയും. പരാജയ ഭീതി മുന്നിൽ കണ്ട യുഡിഎഫ് വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നതിനൊപ്പം വലിയ തോതിൽ പണമൊഴുക്കാനും നീക്കം ശക്തമാക്കിയിട്ടുണ്ട്. പേരാമ്പ്രയിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി മതം പറഞ്ഞ് വോട്ടു തേടിയ യു‍ഡിഎഫ് ബേപ്പൂരിൽ വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചതിന്റെയും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്തെല്ലാം പ്രചാര വേലകൾ നടത്തിയാലും എൽഡിഎഫ് ജില്ലയിൽ സമ്പൂർണ വിജയം കൈവരിക്കുമെന്നും കോൺഗ്രസും യുഡിഎഫും തകരുമെന്നും അഡ്വ. പി ഗവാസ് വ്യക്തമാക്കി.


Reporter
the authorReporter

Leave a Reply