Election newsLatestPolitics

ബേപ്പൂരിൽ വോട്ടിനു പണം നൽകി യുഡിഎഫ്: കൈയോടെ പിടികൂടി നാട്ടുകാർ;പോലീസിൽ പരാതി നൽകി

Nano News

കോഴിക്കോട്:ബേപ്പൂർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പിന്റെ തലേദിവസം വോട്ടർമാരെ പണംനൽകി സ്വാധീനിക്കാനുള്ള യുഡിഎഫ് നീക്കം കയ്യോടെ പിടികൂടി നാട്ടുകാർ. പണം നൽകാൻ ശ്രമിച്ച വോട്ടർമാർ പോലീസിൽ പരാതി നൽകിയതോടെ യുഡിഎഫിന് നിൽക്കക്കള്ളിയില്ലാതെയായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജീവൻ തിരുവച്ചിറ ഉൾപ്പെടെ രണ്ടുപേർക്കെതിരെ മാറാട് വാട്ടർടാങ്ക് കൊട്ടേക്കാട്ട് സ്വാമിനാഥൻ എന്നയാളാണ് മാറാട് പൊലീസിന് പരാതി നൽകിയത്. പരാതി ഫയലിൽ സ്വീകരിച്ച പോലീസ് കേസെടുക്കുന്നതിന് കോടതിയുടെ അനുമതിക്കായി റിപ്പോർട്ട് സമർപ്പിച്ചു.

മാറാട് രണ്ടാം ബൂത്തിലെ വോട്ടറാണ് സ്വാമിനാഥൻ. പിന്നാലെ മറ്റു രണ്ടുപേരും സമാന പരാതിയുമായി രംഗത്തെത്തി. ബുധനാഴ്ച രാവിലെയാണ് സംഭവം. രാജീവൻ തിരുവച്ചിറയും നിലമ്പൂർ സ്വദേശിയായ മറ്റൊരാളും തന്റെ കടയിൽ വന്ന് പണം സ്വീകരിക്കാൻ നിർബന്ധിക്കുകയായിരുന്നുവെന്നു സ്വാമിനാഥൻ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. മാറാട് വാട്ടർടാങ്ക് എന്ന സ്ഥലത്തുള്ള കടയിലെത്തിയ യുഡിഎഫ് നേതാക്കൾ തങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യണമെന്നും എൽഡിഎഫിന് വേണ്ടി ബൂത്ത് ഏജന്റ്‌ ആയി ഇരിക്കരുതെന്നും ആവശ്യപ്പെട്ട ശേഷം 2000 രൂപ സ്വീകരിക്കാൻ നിർബന്ധിക്കുകയായിരുന്നു. നിരസിച്ചപ്പോൾ പണം കടയിലെ പെട്ടിയിൽ വച്ച് പോവുകയാണുണ്ടായതെന്നും സ്വാമിനാഥൻ പറഞ്ഞു.

സ്വാമിനാഥൻതന്നെ പ്രദേശത്തുള്ളവരോട് പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. പോലീസ് സ്വാമിനാഥന്റെ പരാതിയിൽ മൊഴി എടുക്കുന്നതിനെയാണ് മറ്റു രണ്ടുപേർകൂടി സമാന പരാതിയുമായി എത്തിയത്. തൊട്ടടുത്തുള്ള വടക്കുംതിരുത്തിവയൽ ചിങ്ങച്ചൻവീട്ടിൽ ശ്രീനിവാസൻ, കളത്തിങ്ങൽ അബ്ദുല്ലക്കോയ എന്നിവരാണ് പിന്നാലെ എത്തിയത്. തന്റെ വീട്ടിലെത്തിയാണ് രാജീവൻ തിരുവച്ചിറയും മറ്റൊരാളും 2000 രൂപ നൽികിയതെന്നു ശ്രീനിവാസൻ പറഞ്ഞു. പ്രദേശത്തെ മുസ്‌ലിംലീഗ് പ്രവർത്തകനായ സത്താർ ആണ് തനിക്ക് പണം വാഗ്ദാനം ചെയ്തതെന്ന് അബ്‍ദുല്ലക്കോയയും വ്യക്തമാക്കി. ആയിരം രൂപ തരാമെന്നും ബാഡ്ജ് ധരിച്ച് വോട്ടെടുപ്പ് ദിവസം ഇറങ്ങണമെന്നുമാണ് അവർ ആവശ്യപ്പെട്ടതെന്നും അബ്ദുല്ലക്കോയ പറഞ്ഞു. സംഭവം വിവാദമായതോടെ തെരഞ്ഞടുപ്പ് കമീഷൻ അധികൃതരും ഫ്ലയിങ് സ്‌ക്വോഡും സ്ഥലത്തെത്തി തെളിവെടുത്തു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ പുറത്തുനിന്നെത്തിയ സംഘം ഇത്തരത്തിൽ പലർക്കായി പണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നു പ്രദേശവാസികൾ പറഞ്ഞു. തീരദേശ മേഖലയിൽനിന്നാണ് കൂടുതൽ പരാതികൾ ഉയരുന്നത്.

സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് മണ്ഡലം തെരഞ്ഞടുപ്പ് കമ്മിറ്റി തെഞ്ഞെടുപ്പ് കമ്മീഷൻ, റിട്ടേർണിംഗ് ഓഫീസർ, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകി. യുഡിഎഫ് സഥാനാർത്ഥി പുറത്തുനിന്നു ആളെയിറക്കിയാണ് വോട്ടർമാരെ പണം നൽകി സ്വാധീനിക്കുന്നത്. വ്യാപകമായി കള്ളവോട്ട് ചെയ്യാനാണ് ഇവരുടെ ശ്രമം. അതുകൊണ്ട് ഇക്കാര്യത്തിൽ കർശന നടപടി വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ടി രാധാഗോപി പരാതിയിൽ പറഞ്ഞു.


Reporter
the authorReporter

Leave a Reply