Thursday, September 19, 2024
Politics

യുഡിഎഫ് വോട്ട് തേടുന്നത് കേന്ദ്രസർക്കാർ പദ്ധതികളുടെ പേരിൽ; എം.ടി രമേശ്


കോഴിക്കോട്: യുഡിഎഫ് സ്ഥാനാർത്ഥി വോട്ട് തേടുന്നത്, കേന്ദ്രസർക്കാർ പദ്ധതികൾ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചു കൊണ്ടാണെന്ന് കോഴിക്കോട് ലോക്സഭാ മണ്ഡലം എൻ.ഡിഎ സ്ഥാനാർത്ഥി എംടി രമേശ്. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന വികസനങ്ങളാണ് യുഡിഎഫ് സ്ഥാനാർത്ഥി ജനങ്ങൾക്ക് മുൻപിൽ വയ്ക്കുന്നതെന്നും എം ടി രമേശ് ആരോപിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജ് വികസനം, റെയിൽവേ സ്റ്റേഷൻ വികസനം, തുടങ്ങി കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ ക്രെഡിറ്റ് അവകാശപ്പെടുകയാണ് യുഡിഎഫ് . കോൺഗ്രസിന്റെ വികസന പത്രികയിലും , മറ്റ് തെരഞ്ഞെടുപ്പ് ലഘുലേഖകളിലും, ഫ്ലക്സ് ബോർഡുകളിലും നിറഞ്ഞുനിൽക്കുന്നത് കേന്ദ്രസർക്കാർ പദ്ധതികൾ ആണ്. എം ടി രമേശ് ചൂണ്ടിക്കാണിച്ചു.

എന്തടിസ്ഥാനത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വികസന പ്രവർത്തനം നടത്തിയത് എംകെ രാഘവന്റെ നേതൃത്വത്തിലാണെന്ന് അദ്ദേഹം അവകാശപ്പെടുന്നതെന്നും എം ടി രമേശ് ചോദിച്ചു . പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം 195 കോടി ചെലവിലാണ് 16,263 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ആറ് നിലകളിലായി
കോഴിക്കോട് മെഡിക്കൽ കോളേജിൽ കേന്ദ്രസർക്കാർ സഹായത്തോടെ
പുതിയ കെട്ടിട സമുച്ചയം നിർമിച്ചത്. രാജ്യത്ത് കഴിഞ്ഞ 10 വർഷം 157 പുതിയ മെഡിക്കൽ കോളേജുകളാണ് മോഡി സർക്കാർ നിർമ്മിച്ചത്. നിലവിലുള്ള മെഡിക്കൽ കോളേജുകളുടെ വികസനത്തിനായി 2451.1 കോടി രൂപയാണ് കേന്ദ്രസർക്കാർ നൽകിയത്. എം ടി രമേശ് വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ പദ്ധതികൾ സ്വന്തം പേരിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രചരിപ്പിക്കുന്നത് അപഹാസ്യമാണെന്നും എം ടി രമേഷ് കൂട്ടിച്ചേർത്തു.

മണ്ഡലത്തിൽ ഇനിയും കൂടുതൽ വികസനം എത്തണമെന്നും, അതിനായി താമര ചിഹ്നത്തിൽ വോട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഉള്ളിയേരി മണ്ഡലത്തിലെ കല്ലാനോട് കൂരാച്ചുണ്ട് കൂട്ടാലിട , പാലോളി , പള്ളിയത്ത് കുനി, വാകയാട്, കരുവണ്ണൂർ, നടുവണ്ണൂർ, പുത്തഞ്ചേരി തുടങ്ങി വിവിധ പ്രദേശങ്ങളിലായിരുന്നു സ്ഥാനാർത്ഥിപര്യടനം . ബിജെപി നേതാക്കളായ ടി.എ ദേവദാസ് , അഡ്വ: സുധീർ , ടി എ നാരായണൻ , രാജേഷ് കായണ്ണ,ഭാസ്കരൻ കുന്നുമ്മൽ, ബാബു വടക്കേയിൽ , പ്രകാശൻ പാലോളി , ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി
ബാബു പൂതംപാറ, തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.


Reporter
the authorReporter

Leave a Reply