പൂനെയില്‍ പോര്‍ഷെ കാര്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തിലെ പ്രതിയായ പതിനേഴുകാരന്റെ അമ്മ അറസ്റ്റില്‍. വൈദ്യ പരിശോധനയ്ക്കുള്ള രക്തസാമ്പിളില്‍ തിരിമറി നടത്തിയതിനാണ് ശിവാനി അഗര്‍വാള്‍ അറസ്റ്റിലായത്.
മദ്യലഹരിയില്‍ പതിനേഴുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് രണ്ട് യുവ എന്‍ജിനീയര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ രക്തപരിശോധനയില്‍ കുട്ടി മദ്യപിച്ചിരുന്നില്ലെന്ന് സ്ഥാപിക്കാന്‍ ശിവാനി സ്വന്തം രക്തം സാമ്പിളായി നല്‍കുകയായിരുന്നു. രക്തസാമ്പിളില്‍ തിരിമറി കണ്ടെത്തിയതിന് പിന്നാലെ ഇതിന് കൂട്ടുനിന്ന രണ്ടു ഡോക്ടര്‍മാരും അറസ്റ്റിലായിരുന്നു.
അപകടം നടന്ന മേയ് 19ന് രാവിലെ 11ന് നടത്തിയ കൗമാരക്കാരന്റെ പ്രാഥമിക പരിശോധനയില്‍ മദ്യപിച്ചിട്ടില്ല എന്നായിരുന്നു ഫലം. എന്നാല്‍, പുലര്‍ച്ചെ മൂന്നിന് അപകടം സംഭവിക്കുന്നതിന് തൊട്ടുമുമ്പായി കൗമാരക്കാരന്‍ ബാറിലിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മദ്യപിച്ചിട്ടില്ല എന്ന റിപ്പോര്‍ട്ടില്‍ തുടക്കംമുതലേ സംശയമുണ്ടായിരുന്നു. രണ്ടാമത്തെ രക്തസാംപിള്‍ പരിശോധിച്ചപ്പോള്‍ മദ്യപിച്ചിട്ടുണ്ടെന്ന ഫലമാണ് ലഭിച്ചത്.
മെയ് 19നാണ് അപകടമുണ്ടായത്. പുനെ കല്യാണി നഗറില്‍ കൗമാരക്കാരന്‍ അമിതവേഗത്തില്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് ബൈക്ക് യാത്രികരായ അനീഷ് അവാഡിയ, അശ്വിനി കോസ്റ്റ എന്നിവരാണ് കൊല്ലപ്പെട്ടത്. സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍മാരായിരുന്നു ഇരുവരും.
കൗമാരക്കാരന് മണിക്കൂറുകള്‍ക്കകം ജാമ്യംലഭിച്ചത് വലിയ വിമര്‍ശനത്തിനിടയാക്കുകയും രാഷ്ട്രീയ വിവാദമാകുകയും ചെയ്തിരുന്നു. മദ്യപിച്ച് നിലവിട്ട കൗമാരക്കാരനെ കാറോടിക്കാന്‍ പിതാവ് അനുവദിക്കുകയായിരുന്നുവെന്ന് ഡ്രൈവറുടെ വെളിപ്പെടുത്തലുണ്ടായിരുന്നു.
കുറ്റമേല്‍ക്കാന്‍ കുടുംബ ഡ്രൈവറെ നിര്‍ബന്ധിച്ചെന്ന പരാതിയില്‍ പ്രതിയുടെ അച്ഛനെയും മുത്തച്ഛനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പതിനേഴുകാരന്റെ അച്ഛന്‍ വിശാല്‍ അഗര്‍വാളും മുത്തച്ഛന്‍ സുരേന്ദ്ര അഗര്‍വാളും ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്.