റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
കോഴിക്കോട്:ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയിൽ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. സ്കൂൾ സമയങ്ങളിലെ ടിപ്പർ വാഹനങ്ങളുടെ സമയക്രമം, ജില്ലയിലെ വിവിധ ഭാഗങ്ങളിൽ അപകടാവസ്ഥയിലുള്ള തണൽ മരങ്ങൾ മുറിച്ചു മാറ്റൽ, റോഡിൽ സിഗ്നൽ ബോർഡുകൾ സ്ഥാപിക്കൽ തുടങ്ങിയവയെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു.
സ്കൂൾ പ്രവൃത്തി സമയം തുടങ്ങുന്ന രാവിലെ 8.30 മുതൽ 10 മണി വരെയും, വെെകീട്ട് 3.30 മുതൽ 5 മണി വരെയും ടിപ്പർ ലോറികൾക്ക് ഗതാഗത നിയന്ത്രണമേർപ്പെടുത്താൻ യോഗത്തിൽ തീരുമാനിമായി. മഴക്കാലത്തിനു മുമ്പായി അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചുമാറ്റാൻ പിഡബ്ല്യൂഡി അധികൃതർക്ക് നിർദ്ദേശം നൽകി. സ്പീഡ് ഡിറ്റക്ഷൻ ക്യാമറകൾ സ്ഥാപിക്കുന്നതിനായി കെ.ആർ.എസ്.എയിൽ നിന്ന് ഫണ്ട് അനുവദിപ്പിക്കാമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അറിയിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സിഗ്നൽ ബോർഡ് സ്ഥാപിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് കലക്ടർ നിർദേശം നൽകി.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പോലീസ് മേധാവി അമോസ് മാമൻ, വിവിധ ആർ.ടി.ഒ മാരായ പി ആർ സുരേഷ്, സിവിഎം ഷെരീഫ്, ഷൈനി മാത്യു, പി ജി സുധീഷ് എംവിഐ, ഇൻസ്പെക്ടർ ഓഫ് പോലീസ് കെ പ്രേം സദൻ, അസിസ്റ്റൻറ് എഞ്ചിനിയർമാർ, എക്സിക്യൂട്ടീവ് എഞ്ചിനിയർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.