Thursday, September 19, 2024
General

കൊച്ചിയിലെ ഏറ്റവും തിരക്കുള്ള ഫോർട്ട് കൊച്ചി റൂട്ടിൽ ഇന്ന് വാട്ടർ മെട്രോ ഇറങ്ങുന്നു


ഏറെ ജനപ്രിയമായ കൊച്ചി വാട്ടര്‍മെട്രോ ഏറ്റവും തിരക്കുള്ള ഫോർട്ട് കൊച്ചി റൂട്ടിൽ ഇന്ന് മുതൽ സർവിസ് ആരംഭിക്കുന്നു. ഇന്ന് രാവിലെ 10 മണി മുതൽ സർവിസ് ആരംഭിക്കും. ഹൈക്കോര്‍ട്ട് – ഫോർട്ട് കൊച്ചി റൂട്ടിലാണ് സർവിസ്. ടെര്‍മിനലും ടിക്കറ്റ് സംവിധാനവും ട്രയല്‍ റണ്ണും പൂര്‍ത്തിയായതോടെയാണ് ഇന്ന് മുതല്‍ ഫോര്‍ട്ട് കൊച്ചിയിലേക്ക് വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കുന്നത്.

40 രൂപയാണ് ടിക്കറ്റ് നിരക്ക്. 20 മുതല്‍ 30 മിനിറ്റുകളുടെ ഇടവേളകളിലായിരിക്കും ഹൈകോര്‍ട്ട് മുതല്‍ ഫോര്‍ട്ട് കൊച്ചിവരെ വാട്ടര്‍ മെട്രോ സര്‍വിസ് നടത്തുക. വിദേശ സഞ്ചാരികൾ ഉൾപ്പെടെ ഏറെ യാത്രക്കാരുള്ള റൂട്ടാണ് ഫോർട്ട് കൊച്ചി റൂട്ട്. വാട്ടർ മെട്രോ വരുന്നതോടെ വിനോദ സഞ്ചാരത്തിനും നാട്ടുകാർക്കും ഇത് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ റൂട്ടിൽ കൂടുതൽ വരുമാനവും മെട്രോ പ്രതീക്ഷിക്കുന്നുണ്ട്.

നിലവിൽ എറണാകുളം ബോട്ട് ജെട്ടിയിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് ബോട്ട് സർവിസ് നടത്തുണ്ട്. മെട്രോയെ അപേക്ഷിച്ച് ചിലവ് കുറവുള്ള ഈ റൂട്ടിൽ ഏറെ യാത്രക്കാരാണ് ഉള്ളത്. എന്നാൽ ബോട്ടുകൾ ഉൾപ്പെടെയുളള സൗകര്യങ്ങൾ ഏറെ പഴക്കമുള്ളതും ഭംഗിയില്ലാത്തതുമാണ്. എന്നാൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ബോട്ടുകളും സർവിസുമാണ് വാട്ടർ മെട്രോയ്ക്ക് ഉള്ളത്. അതിനാൽ ഇത് വിനോദ സഞ്ചാരികളെ ഏറെ വാട്ടർ മെട്രോ ആകർഷിക്കുമെന്നാണ് കരുതുന്നത്. സ്ഥിരം യാത്രക്കാർ കൂടി എത്തിയാൽ മെട്രോക്ക് അത് നേട്ടമാകും.

2023 ഏപ്രിലിലാണ് വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ചത്. ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള സര്‍വീസ് അന്ന് മുതല്‍ ചര്‍ച്ചയിലുണ്ടായിരുന്നതാണ്. കഴിഞ്ഞ മാസം വാട്ടര്‍ മെട്രോ സര്‍വീസ് ചേരാനെല്ലൂരിലേക്കും വ്യാപിപ്പിച്ചിരുന്നു. നിലവില്‍ അഞ്ച് റൂട്ടുകളിലാണ് വാട്ടര്‍ മെട്രോ സര്‍വീസ് നടത്തുന്നത്. 14 ബോട്ടുകളാണ് വാട്ടര്‍ മെട്രോയ്ക്കുള്ളത്.


Reporter
the authorReporter

Leave a Reply