Sunday, December 22, 2024
Local NewsPolitics

തണ്ണീര്‍ത്തടം നികത്തുന്നവരെ ജാമ്യമില്ലാവകുപ്പുചേര്‍ത്ത് അറസ്റ്റ് ചെയ്യണം:എം.ടി.രമേശ്


കോഴിക്കോട്: ദേശീയപ്രധാന്യമുളള സരോവരത്തെ കണ്ടല്‍വനം മണ്ണിട്ടുനികത്തുന്നതിനെതിരെ ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍റെ നേതൃത്വത്തില്‍ നടന്ന സരോവരം രക്ഷാമാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.എരഞ്ഞിപ്പാലത്തു നിന്ന് പ്രദേശവാസികളും സമരസമിതിയും ബിജെപി പ്രവര്‍ത്തകരും സരോവരം ട്രേഡ് സെന്ററിലേക്ക് മാര്‍ച്ച് നടത്തി. ട്രേഡ് സെന്ററിനു സമീപം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് സമരക്കാരെ തടഞ്ഞു. തുടര്‍ന്ന് മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ സംരക്ഷണയിലുള്ള കോട്ടൂളി തണ്ണീര്‍ത്തടം മണ്ണിട്ടു നികത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് എംടി രമേശ് ആവശ്യപ്പെട്ടു.

കലക്ടറുടെ നേതൃത്വത്തിലുള്ള അഞ്ചംഗം കമ്മറ്റിയുടെ സംരക്ഷണയിലാണ് തണ്ണീര്‍ത്തടങ്ങള്‍. കലക്ടറാണ് കസ്‌റ്റോഡിയന്‍. ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമി അതിക്രമിച്ചു മണ്ണിട്ടുമൂടിയാല്‍ നിയമനടപടി സ്വീകരിക്കണം. ഈ ഭൂമി ആരുവാങ്ങിയാലും അതിന് നിയമപരമായ സംരക്ഷണമില്ല. തണ്ണീര്‍ത്തട സംരക്ഷണനിയമപ്രകാരം നിയമംലംഘിച്ച് മണ്ണിട്ടു നികത്തിയാല്‍ സ്വന്തം ചെലവില്‍ മണ്ണ് നീക്കം ചെയ്യണം. മണ്ണ് നീക്കം ചെയ്ത വാഹനം പിടിച്ചെടുക്കുകയല്ല, അതിന് നേതൃത്വം നല്‍കിയവരെ ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണം. ആറുമാസം കഠിന തടവ് കിട്ടാവുന്ന ശിക്ഷയാണ് തണ്ണീര്‍ത്തടം നികത്തിയവര്‍ക്കെതിരെ ചുമത്താവുന്നത്.

തണ്ണീര്‍ത്തടം നികത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത ജില്ലാഭരണകൂടത്തിന് പിറകില്‍ പ്രവര്‍ത്തിക്കുന്നത് സിപിഎം കോണ്‍ഗ്രസ് നേതാക്കളാണ്. സ്ഥലം എംഎല്‍എയും പ്രതിപക്ഷനേതാവും നിയമസഭയില്‍ ഇക്കാര്യം ഉന്നയിക്കാന്‍ സൗകര്യപൂര്‍വ്വം മറന്നു. സൗജന്യങ്ങള്‍ വാങ്ങി കൂട്ടി നിയമലംഘനത്തിന് കൂട്ടുനില്‍ക്കാന്‍ ബിജെപി അനുവദിക്കില്ലെന്നും പണമുണ്ടെന്ന് കരുതി എന്തും കാണിക്കാമെന്ന് ഒരുമുതലാളിയും കരുതേണ്ടെന്നും എം.ടി. രമേശ് പറഞ്ഞു. എത്രവലിയ രാഷ്ട്രീയക്കാര്‍ സംരക്ഷിച്ചാലും പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ചു ശ്രമിച്ചാലും നിയമത്തെ വിലക്കെടുക്കാനാവില്ലെന്നതിന്റെ ഉദാഹരണം മരട് ഫ്‌ളാറ്റ് പൊളിച്ചതിലൂടെ സുപ്രീംകോടതി കാണിച്ചു തന്നു. സമാനമായ സാഹചര്യം കോട്ടൂളി തണ്ണീര്‍ത്തടത്തിലും നിലനില്‍ക്കുന്നു. പ്രദേശവാസികള്‍ നടത്തുന്ന നിയമപരമായ പ്രക്ഷോഭത്തെ ബിജെപി പിന്തുണയ്ക്കുമെന്നും ആത്യന്തിക വിജയം സാധാരണക്കാര്‍ക്കായിരിക്കുമെന്നും എം.ടി രമേശ് പറഞ്ഞു.
തണ്ണീര്‍ത്തടം നികത്തിയ പ്രദേശം അദ്ദേഹം സന്ദര്‍ശിച്ചു. ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍ അധ്യക്ഷനായി. ഭൂമാഫിയയുടെ ശിങ്കിടികള്‍ പ്രദേശവാസികളെ ഭീഷണിപ്പെടുത്താന്‍ വന്നാല്‍ ഇനി വെറുതെവിടില്ലെന്നും വനംവകുപ്പും,ജില്ലാഭരണകൂടവും കടമ മറന്നാല്‍ ജനം നിയമം കയ്യിലെടുക്കുമെന്നും വി.കെസജീവന്‍ മുന്നറിയിപ്പു നല്‍കി. സംസ്ഥാന സെക്രട്ടറി അഡ്വ.പ്രകാശ് ബാബു, ജില്ല ജനറല്‍ സെക്രട്ടറി ഇ.പ്രശാന്ത് കുമാര്‍, വൈസ് പ്രസിഡന്റുമാരായ അഡ്വ.കെ.വി.സുധീര്‍, ഹരിദാസ് പൊക്കിണാരി, കെ.പി.വിജയലക്ഷ്മി, ജില്ലാ സെക്രട്ടറിമാരായ ടി.രനീഷ്, പ്രശോഭ് കോട്ടുളി, അനുരാധ തായാട്ട്, ബിന്ദു ചാലില്‍,ഷൈനി ജോഷി നേതാക്കളായ പി.രമണിഭായ്, പി.പി.മുരളി, ശശിധരന്‍ നാരങ്ങയില്‍,ഷെയ്ക് ഷാഹിദ്, വി.കെ.ജയന്‍, വാസുദേവന്‍ നമ്പൂതിരി, സബിത പ്രഹ്‌ളാദന്‍ സരിത പറയേരി, ഒ.ഗിരീഷ്‌കുമാര്‍,കെ.ഷൈബു,സി.പി.വിജയകൃഷ്ണന്‍, പി.രജിത്കുമാര്‍,കെ. നിത്യാനന്ദന്‍,എ.പി.അഭിലാഷ്,ആര്‍.ബിനീഷ്,കൃഷ്ണന്‍ പുഴക്കല്‍, എ.കെ.ബൈജു, കെ.ജിതിന്‍,അജയലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Reporter
the authorReporter

Leave a Reply