പത്തനംതിട്ട: ശബരിമലയിൽ മകരജ്യോതി തെളിയാൻ അൽപസമയം മാത്രം. അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര
ശരംകുത്തിയിൽ നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ടു. പമ്പയിൽ നിന്ന് തിരുവാഭരണ ഘോഷയാത്ര വൈകിട്ടോടെ പുറപ്പെട്ടു. ശരംകുത്തിയിൽ വെച്ച് ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിച്ചു. വൈകിട്ട് ആറരയോടെയാണ് അയ്യപ്പന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന.
പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000 പൊലീസുകാർ ആണ് സുരക്ഷ ഒരുക്കുന്നത്. ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീർത്ഥാടകരെ ശബരിമലയിൽ പ്രവേശിപ്പിച്ചിരുന്നത്. തിരുവാഭരണ ഘോഷയാത്ര പമ്പയിൽ നിന്നും സന്നിധാനത്തേക്ക് വരുന്നതിനാലാണ് ഉച്ചയ്ക്കുശേഷം ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മകരവിളക്കിനൊരുങ്ങിയിരിക്കുന്ന ശബരിമല ഇക്കുറി പ്രതീക്ഷിക്കുന്നത് രണ്ട് ലക്ഷത്തോളം ഭക്തരെയാണ്. ഭക്തര്‍ക്ക് സുഗമമായ മകരജ്യോതി ദര്‍ശനത്തിന് വിപുലമായ ഒരുക്കമാണ് നടത്തിയിട്ടുള്ളത്.