Wednesday, November 27, 2024
GeneralPolitics

‘ഗൂഢാലോചനയുണ്ട്’, പ്രസാധകർ പാലിക്കേണ്ട മര്യാദ കാണിച്ചില്ലെന്ന് ഇപി


തിരുവനന്തപുരം: ആത്മകഥാ വിവാദത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് ഇപി ജയരാജൻ. താനൊരു കരാറും ആരേയും ഏൽപ്പിച്ചിട്ടില്ലെന്നും ഒരു കോപ്പിയും ആർക്കും നൽകിയിട്ടില്ലെന്നും ഇപി ജയരാജൻ പറ‍ഞ്ഞു. സാധാരണ പ്രസാധകൻമാർ പാലിക്കേണ്ട ഒരുപാട് നടപടിക്രമങ്ങളുണ്ട്. ഇതിലൊരു നടപടിയും ഡിസി ബുക്സ് സ്വീകരിച്ചിട്ടില്ല. പുസ്തകത്തിൻ്റെ പ്രകാശനം ഡിസിയുടെ ഫേസ്ബുക്കിൽ വന്നത് ഞാനറിയാതെയാണ്. ഇതിൽ ​ഗൂഢാലോചനയുണ്ടെന്നും ഇപി ജയരാജൻ പറഞ്ഞു.

ഇത് ബോധപൂർവ്വമായ നടപടിയാണ്. പിടിഎഫ് ഫോർമാറ്റിലാണ് വാട്സ്അപ്പിലുൾപ്പെടെ അവർ നൽകിയത്. സാധാരണ രീതിയിൽ പ്രസാധകർ ചെയ്യാൻ പാടില്ലാത്തതാണ് അത്. തികച്ചും ആസൂത്രിതമാണിത്. തെര‍ഞ്ഞെടുപ്പ് ദിവസങ്ങളിൽ രാവിലെ തന്നെയാണ് വാർത്തകൾ പ്രസിദ്ധീകരിച്ചത്. ആദ്യമായി വാർത്ത വരുന്നത് ടൈംസ് ഓഫ് ഇന്ത്യയിലാണ്. ടൈംസ് ഓഫ് ഇന്ത്യയിൽ സാധാരണ ​ഗതിയിൽ ഇത്തരമൊരു വാർത്ത ലളിതമായി വരുമോ. അതിൽ ആസൂത്രണമുണ്ട്. ഇവർ എന്ത് അടിസ്ഥാനത്തിലാണ് വാർത്ത നൽകിയത്. ഒരു അടിസ്ഥാനവുമില്ലാത്ത വാർത്ത പ്രചരിപ്പിച്ചുവെന്നും ഇപി ജയരാജൻ പറഞ്ഞു.

അതേസമയം, ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ സർക്കാർ തുടരന്വേഷണം പ്രഖ്യാപിച്ചേക്കും. കോട്ടയം ജില്ലാ പൊലീസ് മേധാവി ‍‍ഡിജിപിയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും നടപടി. പുസ്തകം പ്രസിദ്ധീകരിക്കാൻ ഡിസിയും ഇപിയും തമ്മിൽ കരാറില്ലെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. ഇത് ഗൗരവതരമെന്നാണ് സർക്കാർ നിലപാട്. പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന ഘട്ടത്തിൽ പുസ്തക വിവാദത്തിനു പിന്നിൽ ഗൂഢലോചനയുണ്ടെന്ന വാദം നിരത്തി സിപിഎമ്മും പ്രതിരോധം തീർക്കും. പുസ്തക വിവാദം ഉപതെരഞ്ഞെടുപ്പിലും തിരിച്ചടിയായെന്ന് സിപിഎമ്മും ഇടത് മുന്നണിയും വിലയിരുത്തുന്നു. തുടരന്വേഷണം പ്രതിച്ഛായ വീണ്ടെടുക്കാൻ സഹായകരമാകുമെന്നുമാണ് നേതൃത്വം കരുതുന്നത്.


Reporter
the authorReporter

Leave a Reply