Friday, December 27, 2024
HealthLatest

വൈദ്യശാസ്ത്രലോകം കോഴിക്കോട്ടേക്ക്. ഇന്ത്യയിലെ ഏറ്റവും വലിയ എമര്‍ജന്‍സി കോണ്‍ക്ലേവിന്റെ ആദ്യ ഘട്ടം ആരംഭിച്ചു.


കോഴിക്കോട്: ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും നൂതനമായ ചികിത്സാ ശാഖകളിലൊന്നാണ് എമര്‍ജന്‍സി മെഡിസിന്‍. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ മെഡിക്കല്‍ മേഖലയെ ഇന്ത്യയില്‍ പരിചയപ്പെടുത്തിയതിലും വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയതിനും കേരളത്തിന്, പ്രത്യേകിച്ച്  ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്കും നിര്‍ണ്ണായകമായ പങ്കുണ്ട്. എമര്‍ജന്‍സി മെഡിസിന്‍ മേഖലയുടെ വളര്‍ച്ചയെ പുതിയ തലത്തിലേക്ക് കൈപിടിച്ചുയര്‍ത്തിക്കൊണ്ട് ഏഷ്യയിലെ ഏറ്റവും വലിയ എമര്‍ജന്‍സി കോണ്‍ക്ലേവിന് കേരളം ആതിഥ്യം വഹിക്കുകയാണ്. ആസ്റ്റര്‍ മിംസ് കോഴിക്കോട്, കോട്ടക്കല്‍, കണ്ണൂര്‍, ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മദര്‍ അരീക്കോട് എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഈ കോണ്‍ക്ലേവിന്റെ ആദ്യ ഘട്ടത്തിന് തുടക്കം കുറിക്കപ്പെട്ടു കഴിഞ്ഞു.
നാല് ഘട്ടങ്ങളിലായാണ് കോണ്‍ക്ലേവ് പുരോഗമിക്കുന്നത്. ഇതില്‍ ആദ്യ ഘട്ടം അടിയന്തര ജീവന്‍ രക്ഷാ ഉപാധികളെക്കുറിച്ച് സാധാരണക്കാരെ ബോധവത്കരിക്കുക എന്നതാണ്. 21, 22, 23 തിയ്യതികളിലായി കേരളത്തിന്റെ വിവിധ മേഖലകളിലായി 18 ഓളം കേന്ദ്രങ്ങളില്‍ നടത്തിയ ബോധവത്കരണ പരിപാടികളില്‍ പതിനായിരത്തോളം പേര്‍ പങ്കാളികളായി.
പ്രി കോണ്‍ഫറന്‍സ് വര്‍ക്ക്ഷോപ്പാണ് രണ്ടാം ഘട്ടമായി നടക്കുന്നത്. കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വെച്ച് നടന്ന നവജാതി ശിശുക്കളുടെ അടിയന്തര ജീവന്‍ രക്ഷയുമായി ബന്ധപ്പെട്ട് നടത്തിയ ‘നിയോനാറ്റല്‍ റിസസിറ്റേഷന്‍’ എന്ന ശില്‍പ്പശാലയോടെ ഇതിന് തുടക്കം കുറിക്കപ്പെട്ടു. നവജാത ശിശുപരിചരണ മേഖലയിലെ അടിയന്തര ജീവന്‍ രക്ഷാമാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള നൂതനമായ അറിവുകള്‍ പങ്കുവെച്ച ശില്‍പ്പശാല ശ്രദ്ധേയമായിരുന്നു. ‘റിഥം – പ്രാക്ടിക്കല്‍ ഇ സി ജി വര്‍ക്ക്ഷോപ്പ് 25ാം തിയ്യതി കോട്ടക്കല്‍ ആസ്റ്റര്‍ മിംസില്‍ വെച്ച് നടക്കും. ഇ സി ജി അടിസ്ഥാനപ്പെടുത്തി രോഗിയുടെ അവസ്ഥാ നിര്‍ണ്ണയത്തിലും അടിയന്തര ചികിത്സാ ലഭ്യതയിലും നടപ്പിലാക്കേണ്ട നൂതന രീതികളെ ഡോക്ടര്‍മാര്‍ക്ക് പരിചയപ്പെടുത്തുവാനാണ് ഈ സെഷന്‍ ഉപകരിക്കുക. ഇതേ ദിവസം തന്നെ കണ്ണൂര്‍ പയ്യന്നൂരിലെ അനാമയ ഹോസ്പിറ്റലിലും, മഞ്ചേരി കൊരമ്പയില്‍ ഹോസ്പിറ്റലിലും വെച്ച് എപിഗോണ്‍-എമര്‍ജന്‍സി വര്‍ക്ക്ഷോപ്പും നടക്കും. മലപ്പുറം പി എസ് എം എ മെമ്മോറിയല്‍ കോപ്പറേറ്റീവ് ഹോസ്പിറ്റലില്‍ വെച്ച് ‘സേഫ് ഐ 3 – സേഫ് ഇന്‍ഫ്യൂഷന്‍ പ്രാക്ടീസ് വര്‍ക്ക് ഷോപ്പ്’ വയനാട് മേപ്പാടിയിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ വെച്ച് അറിമിയ-വര്‍ക്ക്ഷോപ്പ് ഓണ്‍ വൈല്‍ഡര്‍നെസ്സ് മെഡിസിന്‍ എന്നീ വിഷയങ്ങളിലും ശില്‍പ്പശാലകള്‍ 25ാം തിയ്യതി തന്നെ അരങ്ങേറും. ഇതില്‍ വയനാട് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ നടക്കുന്ന ശില്‍പ്പശാല വന്യമൃഗങ്ങളുടെ അക്രമണം, ട്രക്കിങ്ങിനിടെ ഉണ്ടാകുന്ന അപകടങ്ങളിലെ പ്രാഥമിക ചികിത്സ തുടങ്ങിയവയെ പ്രതിപാദിക്കുന്നതാണ്. വൈല്‍ഡര്‍ മെഡിസിനില്‍ ആഗോളതലത്തില്‍ ശ്രദ്ധേയനായ ഡോ. കെറി ക്രെയ്ഡല്‍ പങ്കെടുക്കുന്ന ഈ ശില്‍പ്പശാല രാജ്യത്ത് തന്നെ ആദ്യമായാണ് സംഘടിപ്പിക്കപ്പെടുന്നത്.
27, 28, 29 തിയ്യതികളിലായി ഹോട്ടല്‍ ട്രൈപ്പന്റയില്‍ വെച്ച് പ്രധാന ശില്‍പ്പശാലകള്‍ അരങ്ങേറും. 6 ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന കോണ്‍ക്ലേവില്‍ 13 വര്‍ക്ക്‌ഷോപ്പുകള്‍, രണ്ട് സ്ട്രീമുകളിലായി നടക്കുന്ന സയന്റിഫിക് സെഷനുകള്‍, കീനോട്ട് സെഷനുകള്‍, എമര്‍ജന്‍സി മെഡിസിന്‍ ജീവനക്കാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കുമായി പ്രത്യേകം സ്ട്രീമുകള്‍, വിവിധ മത്സരങ്ങള്‍, ഓറല്‍ പ്രസന്റേഷനുകള്‍, പ്രശ്‌നോത്തരി, സാഹചര്യം അടിസ്ഥാനപ്പെടുത്തിയുള്ള ചര്‍ച്ചകള്‍, പ്രശ്‌ന പരിഹാര സെഷനുകള്‍, ഡിസിഷന്‍ മെയ്ക്കിങ്ങ്, സി പി ആര്‍ കോംപറ്റീഷന്‍ എന്നിവയെല്ലാം ഉള്‍പ്പെടെ എമര്‍ജന്‍സി മെഡിസിന്റെ പരിപൂര്‍ണ്ണമായ മേഖലകളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സമ്പൂര്‍ണ്ണമായ കോണ്‍ക്ലേവ് ആണ് ‘എമര്‍ജന്‍സ് 2022’.

Reporter
the authorReporter

Leave a Reply