Thursday, September 19, 2024
Art & CultureCinemaLatest

രാജാക്കൻമാരുടെ നാട്ടിൽ മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം ആരംഭിച്ചു


 

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന മോഹൻലാൽ – ലിജോ ജോസ് ചിത്രം മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം രാജാക്കന്മാരുടെ നാടായ രാജസ്ഥാനിലെ ജയ്സാൽമീറിൽ ആരംഭിച്ചു. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും ഇന്ന് രാവിലെ ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്നു.

ചടങ്ങിൽ മോഹൻലാൽ,ലിജോ ജോസ് പെല്ലിശ്ശേരി, മറ്റു താരങ്ങൾ, ചിത്രത്തിന്റെ നിർമ്മാതാക്കളായ ജോൺ ആൻഡ് മേരി ക്രിയേറ്റിവിന്റെ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ് എന്നിവർ സന്നിഹിതരായിരുന്നു. മലയാളത്തിന്റെ നടന വൈഭവം മോഹൻലാലും പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സംഘവും ഒരുമിക്കുമ്പോൾ തിയേറ്ററിൽ ദൃശ്യ വിസ്മയം സൃഷ്ടിക്കുമെന്നുറപ്പാണ്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന ചിത്രത്തിന് ശേഷം പി. എസ്സ്. റഫീക്കാണ്‌ മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. രാജസ്ഥാനിൽ പൂർണമായും ചിത്രീകരിക്കുന്ന ബിഗ് ബഡ്ജറ്റ് മോഹൻലാൽ ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ പല പ്രഗത്ഭതാരങ്ങളും അഭിനയിക്കുന്നുണ്ട്.

കാത്തിരിപ്പിന് വിരാമമിട്ട് പ്രതിഭയും പ്രതിഭാസവും മലൈക്കോട്ടൈ വാലിബനിൽ ഒന്ന് ചേരുമ്പോൾ അണിയറയിൽ ഒരുങ്ങുന്നത് മറ്റൊരു ലിജോ ജോസ് മാജിക് ആയിരിക്കുമെന്നുറപ്പാണ്. പി ആർ ഓ: പ്രതീഷ് ശേഖർ.


Reporter
the authorReporter

Leave a Reply