കണ്ണൂർ.ധർമടത്ത് കടലിൽ കുടുങ്ങിയ കപ്പൽ പൊളിച്ചുനീക്കാൻ തുടങ്ങി.
കടൽത്തീരത്ത് ഉറപ്പിച്ചുനിർത്തിയ രണ്ട് വീഞ്ചുകൾ ഉപയോഗിച്ച് കപ്പൽ കരയിലേക്ക് വലിച്ചുകയറ്റി പൊളിച്ചുമാറ്റാനായിരുന്നു ആദ്യതീരുമാനം. എന്നാൽ ഈ ശ്രമം പരാജയപ്പെട്ടതോടെ ഭാഗികമായി പൊളിച്ച് കപ്പലിന്റെ ഭാരം കുറയ്ക്കാനുള്ള പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്.
കപ്പലിനുള്ളിൽ വൻതോതിൽ അടിഞ്ഞുകൂടിയ മണലും വെള്ളവും പമ്പ് ചെയ്തുകളയുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. പുറംഭാഗത്തെ സൂപ്പർ സ്ട്രെക്ചർ എന്ന നിർമാണങ്ങൾ പൊളിച്ചുതുടങ്ങി. പൊളിച്ചഭാഗങ്ങൾ ക്രെയിൻ ഉപയോഗിച്ച് കരയിൽ എത്തിക്കുന്നുണ്ട്. പിന്നീട് ഇത് അഴീക്കൽ സിൽക്കിലേക്ക് മാറ്റും.ഉപകരണങ്ങൾ എത്തിക്കാനും പൊളിച്ചവ മാറ്റാനുമായി കടൽത്തീരത്ത് താത്‌കാലികമായി റോഡ് നിർമിച്ചിട്ടുണ്ട്. കപ്പലിന്റെ ഭാരം പരമാവധി കുറച്ചതിനുശേഷം കപ്പൽ കരയിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. രാസമാലിന്യങ്ങളും മറ്റും അടങ്ങിയ കപ്പൽഭാഗം കരയിലെത്തിച്ചതിനുശേഷമാണ് പൊളിക്കുക. ഇതിനു കഴിയുന്നില്ലെങ്കിൽ കടൽവെള്ളത്തിൽ രാസവസ്തുക്കൾ കലരാത്ത വിധത്തിൽ കടലിൽ െവച്ചുതന്നെ ഇവ പൊളിച്ചെടുക്കും. മൂന്ന് മാസം മുൻപാണ് കപ്പൽ പൊളിക്കാനുള്ള നടപടികൾ തുടങ്ങിയത്. ഇതിനായി എത്തിച്ച യന്ത്രഭാഗങ്ങൾ മഴയെ തുടർന്ന് മണ്ണിൽ പുതഞ്ഞുപോയതും തകരാറിലായതും പ്രവൃത്തിയെ ബാധിച്ചു.2019 ഓഗസ്റ്റ് എട്ടിനാണ് അഴീക്കൽ സിൽക്കിൽ പൊളിക്കാൻ കൊണ്ടുവന്ന മാലിദ്വീപിൽ നിന്നുള്ള ചരക്കുകപ്പൽ കനത്ത മഴയിൽ ബന്ധിച്ച വടം പൊട്ടി കടലിലൂടെ ഒഴുകി ധർമടത്തെത്തിയത്. മണൽത്തിട്ടയിൽ ഇടിച്ചുനിന്ന കപ്പൽ അഴീക്കലിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
2020 ജനുവരി 26-ന് കപ്പൽ നീക്കംചെയ്യാനെത്തിയ രണ്ടു ബോട്ടുകളിലൊന്ന് മണൽത്തിട്ടയിൽ കുടുങ്ങി. ഇത് വലിച്ചുമാറ്റാനുള്ള ശ്രമത്തിനിടെ അടുത്ത ബോട്ടിന് തീപിടിച്ചു. അതോടെ ആ വഴിക്കുള്ള ശ്രമവും ഉപേക്ഷിക്കുകയായിരുന്നു. കപ്പലിൽനിന്നുള്ള രാസവസ്തുക്കൾ കടലിൽ കലരുന്നെന്ന് പരാതി ഉയർന്നതിനെ തുടർന്ന് കപ്പലിന്റെ ഭാഗങ്ങൾ പൊളിച്ചുകൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞിരുന്നു. നിരവധി ചർച്ചകൾക്കൊടുവിലാണ് കപ്പൽ ധർമടത്തുനിന്നുതന്നെ പൊളിച്ചുനീക്കാനുള്ള തീരുമാനമുണ്ടായത്. കളക്ടർ ഇതുസംബന്ധിച്ച് ഉത്തരവും ഇറക്കിയിരുന്നു.
കപ്പൽ പൊളിക്കാൻ തുടങ്ങിയത് പ്രദേശവാസികൾക്കും ആശ്വാസമായി. ധർമടം തുരുത്തിനുസമീപം കടലിൽ പാറക്കെട്ടുകൾ ഇല്ലാത്ത സ്ഥലത്താണ് കപ്പൽ കുടുങ്ങിയത്. പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളെയാണ് ഇത് ബാധിച്ചത്. പാറകളില്ലാത്തതിനാൽ ഇവിടെ കടലിൽ വിസ്തൃതിയിൽ വലവിരിച്ച് മീൻപിടിക്കാറുണ്ട്.രണ്ടുവർഷമായി ഇത്തരത്തിലുള്ള മീൻപിടിത്തം തടസ്സപ്പെട്ടിരിക്കുകയാണ്.