കോഴിക്കോട്: ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും പ്രസക്തമായ തത്വദർശനമാണെങ്കിലും പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായയുടെ ഏകാത്മ മാനവ വാദം വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ലെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡൻ്റ് സി. കെ. പത്മനാഭൻ. മാരാർജി ഭവനിൽ ദീനദയാൽജി സ്മതിദിനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമ്പൂർണ മനുഷ്യനെ വാർത്തെടുക്കാനുള്ള തത്വശാസ്ത്രമാണ് ഏകാത്മ മാനവ വാദം. അതിനെ ഉൾക്കൊള്ളമെങ്കിൽ ഭാരതീയ ദർശനങ്ങളെ ആഴത്തിൽ മനസ്സിലാക്കിയിരിക്കണം. ബിജെപി അതിൻ്റെ അടിസ്ഥാന രാഷ്ട്രീയ തത്വശാസ്ത്രമായി സ്വീകരിച്ചത് ഏകാത്മ മാനവ വാദത്തെയാണ്. 1984ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഗാന്ധിനഗറിൽ നടന്ന പ0ന ശിബിരത്തിലാണ് പാർട്ടിക്ക് വ്യക്തമായ ഒരു ആശയപദ്ധതി വേണമെന്ന് തീരുമാനിക്കുകയും ദീനദയാൽജിയുടെ തത്വശാസ്ത്രത്തെ സ്വീകരിക്കുകയും ചെയ്തത്. ഇന്ത്യയിലെ മുന്നണി രാഷ്ട്രീയത്തിൻ്റെ ശിൽപി കൂടിയാണ് ദീനദയാൽജി എന്നും സി.കെ.പി. പറഞ്ഞു.
ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ദേശീയ കൗൺസിൽ അംഗം കെ.പി.ശ്രീശൻ മാസ്റ്റർ, സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.രഘുനാഥ്, യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് പ്രഫുൽകൃഷണൻ, ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡൻ്റ് എൻ.പി.രാധാകൃഷ്ണൻ ,ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, ജില്ലാ വൈസ് പ്രസിഡൻ്റ് ഹരിദാസ് പൊക്കിണാരി എന്നിവർ സംസാരിച്ചു.