കോഴിക്കോട് :എൻഎംഡിസി( നോർത്ത് മലബാർ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സപ്ലൈ & മാർക്കറ്റിംഗ് സൊസൈറ്റി ലിമിറ്റഡ്) കേരളത്തിലെ കർഷകർക്കായി ഏർപ്പെടുത്തിയ പ്രഥമ കർഷക മിത്ര അവാർഡ് 2021 ജോതാക്കളെ പ്രഖ്യാപിച്ചു. വയനാട് വെള്ളമുണ്ട ആർവാൾ സ്വദേശി അയൂബ് തോട്ടോളി ഒന്നാം സ്ഥാനത്തിന് അർഹനായി. രണ്ടാം സ്ഥാനം മികച്ച വൈവിധ്യമുള്ള കർഷകൻ കണ്ണൂർ തില്ലങ്കേരി ജൈവകം വീട്ടിൽ എൻ.ഷിംജിതിനും ,മൂന്നാം സ്ഥാനം ജൈവരീതിയിലുടെ പല തരത്തിലുള്ള പച്ചക്കറികൾ കൃഷിചെയ്ത തൃശ്ശൂർ ഗുരുവായൂർ, പാലുവായ് അരീക്കര വീട്ടിൽ സുജാതാസുകുമാരനും അർഹരയി.
കർഷകനും കൃഷിയും എന്ന വിഷയത്തെ ആസ്പദമാക്കി സ്വന്തം കൃഷിയിടത്തിൽ നിന്ന് തയ്യാറാക്കിയ മൂന്ന് മിനുട്ട് ദൈർഘ്യമുള്ള വീഡിയോ ചിത്രങ്ങൾ ആണ് അവാർഡിനായി പരിഗണിച്ചത്.
പഴയ തലമുറയുടെ കൃഷിരീതികൾ പുതുതലമുറയുടെ മനസ്സിൽ പകുത്ത് നൽകുക , പുതു തലമുറയെ കൃഷിയിലേക്ക് ആകർഷിക്കുക , നൂതനമായ കൃഷി രീതികളും അറിവുകളും പങ്ക് വെക്കുക എന്ന ഉദ്ദേശത്തോടെ ആണ് മത്സരം സംഘടിപ്പിച്ചത്. 55 എൻട്രികൾ ലഭിച്ചു. ഇതിൽ 15 പേർ വനിതാ കർഷകർ ആണ്.92 വയസുള്ള വയനാട്ടിലെ പുൽപ്പള്ളി സ്വദേശി ചെറുതോട്ടിൽ വർഗ്ഗീസ് , കാസർഗോഡ് കുണ്ടുകുഴിയിലുള്ള പത്താം ക്ലാസ് വിദ്യാർത്ഥി ബി.അഭിഷേകും ഉൾപ്പെടുന്നു.
വിദഗ്ദരടങ്ങുന്ന എൻഎംഡിസിയുടെ അവാർഡ് കമ്മിറ്റി പരിശോധിച്ച് പരിഗണിച്ച 10 പേരിൽ നിന്ന് പ്രത്യേക ജ്യുറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
കേരളത്തിലെ അറിയപ്പെടുന്ന കാർഷിക വിദഗ്ദ്ധനായ എം.കെ.പി മാവിലായി വയനാട് കൃഷി വിജ്ഞാന കേന്ദ്രം മേധാവിയും അസ്സോസിയേറ്റ് പ്രൊഫസറുമായ ഡോ.അലൻ തോമസ് , കാർഷിക മാധ്യമ പ്രവർത്തകൻ രാജിത്ത് വെള്ളമുണ്ട , എൻഎംഡിസി ചെയർമാൻ പി.സൈനുദ്ദീൻ എന്നിവരടങ്ങുന്ന ജ്യുറി കമ്മിറ്റി ആണ് അവാർഡ് പരിഗണിച്ചത്. ഒന്നാം സമ്മാനം 10001 രൂപ, രണ്ടാം സമ്മാനം 5001 രൂപ , മൂന്നാം സമ്മാനം 3001 രൂപ , പ്രശസ്തി പത്രവും , ഫലകവും ആണ് അവാർഡായി നൽകുക.
മികച്ച വനിതാ കർഷകയായി തിരഞ്ഞെടുത്ത തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ തൈക്കാട് സ്വദേശി കെ.എസ് ഷീജക്ക് വനിതാ കർഷക പുരസ്ക്കാരം നൽകും.
വയനാട് പുൽപള്ളി സ്വദേശി സി.വി.വർഗ്ഗീസിന് ലംബകൃഷി – മാതൃക കൃഷി പുരസ്ക്കാരവും, കുട്ടികർഷക പുരസ്ക്കാരം കാസർഗോഡ് ബി.അഭിഷേകിനും,92 വയസ്സിലും ഉഷാറോടെ കപ്പ കൃഷി ചെയുന്ന വയനാട്ടിലെ ചെറുതോട്ടിൽ വർഗ്ഗീസിന് കർഷക കാരണവർ പുരസ്ക്കാരവും നൽകും.
ഇവർക്ക് 1001 രൂപ വീതം ക്യാഷ് അവാർഡും നൽകും.
നവംബർ 20ന് കോഴിക്കോട് ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ- സർഗ്ഗാലയിൽ നടക്കുന്ന സംസ്ഥാനതല സഹകരണ വാരാഘോഷങ്ങളുടെ സമാപന ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി അവാർഡ് ദാനം നിർവ്വഹിക്കും.
എല്ലാ വർഷങ്ങളിലും ഈ അവാർഡ് ഏർപ്പെടുതുമെന്ന് എൻഎംഡിസി ചെയർമാൻ പി.സൈനുദ്ദീൻ, വൈസ്ചെയർമാൻ വി.പി കുഞ്ഞികൃഷ്ണൻ , ജനറൽമാനേജർ എം. കെ. വിപിന എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു