തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായി വിശാഖപട്ടണത്ത് കണ്ടെത്തിയ പതിമൂന്ന് വയസ്സുകാരിയായ അസം സ്വദേശിനിയെ തിരികെ തലസ്ഥാനത്ത് എത്തിച്ചു. ഇന്നലെ പൊലിൽ നിന്നും കുട്ടിയെ ശിശുക്ഷേമ സമിതി (ചൈൽഡ് വെൽഫെയർ കമ്മിറ്റി – സി.ഡബ്ല്യു.സി) ഏറ്റുവാങ്ങി തൈക്കാട് ശിശുക്ഷേമ സമിതിയിൽ എത്തിച്ചു. കുട്ടി ഇപ്പോൾ സമിതിയുടെ സംരക്ഷണയിലാണുള്ളത്. തുടർ നടപടികൾ തീരുമാനിക്കുന്നതിനായി സി.ഡബ്ല്യു.സി ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തും. കുട്ടിയെ വിശദമായി കേൾക്കുന്നതിനാണ് സിറ്റിംഗ്.
കുട്ടി വീട്ടിൽ നിന്ന് ഒളിച്ചോടാൻ ഉണ്ടായ സാഹചര്യം, രക്ഷിതാക്കളിൽ നിന്നും നിരന്തരം മർദ്ദനവും വഴക്കും ഏൽക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ ആകും കുട്ടിയിൽ നിന്ന് ചോദിച്ചറിയുക. കുട്ടിയിൽ നിന്ന് വിവരങ്ങൾ എടുത്തശേഷം രക്ഷിതാക്കളുടെ മൊഴിയും രേഖപ്പെടുത്തും. കുട്ടിയെ മർദ്ദിച്ചതായുള്ള പരാതി സി.ഡബ്ല്യു.സിയുടെ മുൻപാകെയുണ്ട്. ഇരു ഭാഗങ്ങളും വിശദമായി കേട്ടതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ തുടർ നടപടികൾ.
കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിടണോ അതോ വീണ്ടും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണോ തുടങ്ങിയ കാര്യങ്ങളിൽ ഇന്നത്തെ യോഗത്തിന് ശേഷം തീരുമാനം എടുക്കും. തുടർന്ന് കുട്ടിയുടെ വൈദ്യ പരിശോധന നടത്തും. ശേഷം മജിസ്‌ട്രേറ്റിന് മുൻപിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തും. കുട്ടിയ്ക്ക് ആവശ്യമായ കൗൺസിലിങ് നൽകുമെന്നും തുടർ പഠനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഡി.ഡബ്ല്യു.സി അറിയിച്ചു.