കോഴിക്കോട്:സ്വാതന്ത്ര്യത്തിന്റെ 75-ാംവാർഷികത്തോടനുബന്ധിച്ച നടക്കുന്ന അമൃത മഹോത്സവത്തിന്റെ ഭാഗമായി അമൃത മഹോത്സവ സംഘാടക സമിതി 1930 ഏപ്രിൽ 13 ന് കേരള ഗാന്ധി കെ.കേളപ്പജിയുടെ നേതൃത്വത്തിൽ കോഴിക്കോട് നിന്ന് ഉളിയത്ത് കടവിലേക്ക് നടന്ന ഉപ്പുസത്യാഗ്രഹയാത്ര “കേളപ്പജി ഉപ്പുസത്യാഗ്രഹ സ്‌മൃതി യാത്ര” എന്ന പേരിൽ പുനസൃഷ്ടിക്കുകയാണ്.
തളി ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ചപദയാത്ര മേയർ ഡോ. ബീന ഫിലിപ്പ് ഫ്ലാഗ്ഗ് ഓഫ് ചെയ്തു.തുടർന്ന് കേളപ്പജിയുടെ അർദ്ധ കായ പ്രതിമ അനാഛാദനം ചെയ്തു.
കോസ്റ്റ് ഗാർഡ് മുൻ ഡയറക്ടർ ജനറൽ പ്രഭാകരൻ പാലേരി അധ്യക്ഷം വഹിച്ചു.അനൂപ് കുന്നത്ത്, എം.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
10 ദിവസങ്ങളിലായി നടക്കുന്ന പദയാത്രയിൽ 75 സ്വീകരണങ്ങൾ ഉണ്ടാകും. എലത്തൂർ, കൊയിലാണ്ടി, പാക്കനാർപുരം, വടകര, മാഹി, തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് എന്നിയാണ് പ്രധാന സ്വീകരണ കേന്ദ്രങ്ങൾ. ഏപ്രിൽ 15 ന് കെ.കേളപ്പജിയുടെ ഒതയോത്ത് വീട്ടിൽ പന്തിഭോജനത്തെ അനുസ്മരിക്കുന്ന വിഷുസദ്യ ഉണ്ടാകും. കലാ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
ഏപ്രിൽ 23 ന് ഉളിയത്ത് കടവിൽ നിന്നും ഗാന്ധി പാർക്കിലേക്ക് വൈകുന്നേരം 4.00 മണിക്ക് പദയാത്ര എത്തിച്ചേരും, തുടർന്ന് നടക്കുന്ന മഹാസമ്മേളനത്തോടു കൂടി പദയാത്ര അവസാനിക്കും.ഏപ്രിൽ 10 ന് മുതലക്കുളം മൈതാനിയിൽ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്