കോഴിക്കോട് : ആതുരശുശ്രൂഷകര്‍ ആരാച്ചാര്‍മാരാവുന്ന കാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കാണുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു.തുടർച്ചയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടാകുന്ന ചികിത്സ പിഴവിനെതിരെ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.വി.കെ.സജീവന്‍ നടത്തുന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം ടി രമേഷ്.കോഴിക്കോട് മെഡിക്കൽ കോളേജിന്റെ അനാസ്ഥയ്ക്കെതിരെയും ചികിത്സാപിഴവിനെതിരെയും ഒരുപാട് സമരങ്ങൾ ഈ മെഡിക്കൽ കോളേജിൽ ഇതിനുമുൻപും നടന്നിട്ടുണ്ടെന്ന് സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് എം ടി രമേശ് പറഞ്ഞു. ഓരോ പ്രാവശ്യവും വ്യത്യസ്തമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ചെറുതും വലുതുമായ സമരങ്ങൾക്ക് വേദിയാകുമ്പോഴും ഞങ്ങൾ നന്നാവുക ഇല്ലെന്ന് ആവർത്തിച്ചു പറയുകയാണ് ഈ മെഡിക്കൽ കോളേജ്. എത്രയൊക്കെ പരാതി വന്നാലും ഞങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുകയുള്ളൂ എന്ന് വല്ലാത്ത വാശിയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർക്കുള്ളതെന്നും എംടി രമേശ് പറഞ്ഞു. മെഡിക്കൽ കോളേജ് അധികൃതർക്കുള്ള ആ വാശിയുടെ കൂടെയാണ് സംസ്ഥാന ആരോഗ്യവകുപ്പും, സംസ്ഥാന ഗവൺമെന്റും ഉള്ളതെന്നും എംടി രമേശ്.
മലബാറിലെ നാലഞ്ച് ജില്ലകളിലെ സാധാരണക്കാരായിട്ടുള്ള ജനങ്ങൾക്ക് ആശ്രയമാണ് കോഴിക്കോട് മെഡിക്കൽ കോളേജ്. ഓരോ ദിവസവും 10000 കണക്കിന് രോഗികളാണ് ഈ ആശുപത്രിയിലേക്ക് എത്തുന്നത്. എന്നാൽ ഇപ്പോൾ അവരെല്ലാവരും ജീവൻ പണയപ്പെടുത്തി കൊണ്ടാണ് ഈ ആശുപത്രിയിലേക്ക് എത്തുന്നത്. തിരിച്ചുപോകും എന്ന് ആർക്കും ഒരു ഉറപ്പും ഇല്ലാത്ത സാഹചര്യം ഉണ്ടാകുന്നു എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മെഡിക്കൽ കോളേജ് ആശുപത്രി ഒരുകൂട്ടം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നു എന്ന് കഴിഞ്ഞ കുറേക്കാലം ആയിട്ടുള്ള പരാതിയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഏറ്റവും പ്രഗൽഭരായ ഡോക്ടർമാരാണ് ഈ ആശുപത്രിയിൽ ഉള്ളത്. പക്ഷേ ആ ഡോക്ടർമാരെ പോലും ഭരിക്കുന്ന ഒരു മാഫിയ സംഘം ഈ ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. അവരാണ് ഇവിടുത്തെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഈ ആശുപത്രിയിലെ ഡോക്ടർമാരുടെ സേവനം പോലും തീരുമാനിക്കുന്നത്, നിയന്ത്രിക്കുന്നത് അവരാണ് എന്നും എം ടി രമേശ് പറഞ്ഞു. ഇത് പുതിയ ആരോപണം അല്ലെന്നും കഴിഞ്ഞ കുറച്ചുകാലമായി ഈ ആരോപണങ്ങൾ നാട്ടുകാർക്കും മാധ്യമപ്രവർത്തകർക്കും എല്ലാം ബോധ്യമായിട്ടുള്ള കാര്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓപ്പറേഷൻ സമയത്ത് പോലും ഒരു രോഗിക്ക് സംരക്ഷണം കൊടുക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ ഈ ആശുപത്രി കൊണ്ട് എന്താണ് കാര്യം എന്നും അദ്ദേഹം ചോദിച്ചു. ആതുര ശുശ്രൂഷ കേന്ദ്രം എന്നാണ് സാധാരണ ആശുപത്രിയെ നാം പറയുക എന്നാൽ കോഴിക്കോട് മെഡിക്കൽ കോളേജിനെ ആതുര ശുശ്രൂഷ കേന്ദ്രം എന്ന് പറയുന്നതിന് പകരം ആരാച്ചാർ കേന്ദ്രം എന്ന് പറയേണ്ട സാഹചര്യം ആണ്. അതിനാൽ ഇതിന് പരിഹാരം ഉണ്ടാകണമെന്ന് ബിജെപി ആവശ്യപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇതിനു നേതൃത്വം നൽകേണ്ടത് ആരോഗ്യവകുപ്പാണ് എന്നും ആരോഗ്യവകുപ്പ് കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ വിഷയം കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടാവുമ്പോഴും അതിനു പരിഹാരം കാണാൻ സംസ്ഥാന ആരോഗ്യവകുപ്പ് തയ്യാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിന്റെ കാര്യത്തിൽ വലിയ നിയന്ത്രണം ഒന്നുമില്ല. മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ടുകൊണ്ടും , ആരോഗ്യവകുപ്പിൽ നിന്ന് കൂടുതൽ പണം കോഴിക്കോട് മെഡിക്കൽ കോളേജിന് അനുവദിക്കണമെന്നും, കേന്ദ്ര ഗവൺമെന്റിന്റെ സ്കീമുകൾ വിപുലപ്പെടുത്താൻ ആവശ്യമായിട്ടുള്ള നിവേദനം കേന്ദ്ര ഗവൺമെന്റിന് കൊടുക്കണമെന്ന് പറഞ്ഞു കൊണ്ടും കോഴിക്കോട് നിന്ന് കുറെ ആളുകൾ ഈ കഴിഞ്ഞ മാസമാണ് ആരോഗ്യ മന്ത്രിയെ കണ്ടത്. അവരോട് ആരോഗ്യമന്ത്രി പറഞ്ഞത് ഞാൻ ഈ കാര്യങ്ങൾ എല്ലാം കേൾക്കാം പക്ഷേ ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കണമെങ്കിൽ നിങ്ങൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസിനെ കൂടെ കാണണം. ഈ നിവേദനം നിങ്ങൾ അദ്ദേഹത്തിനു കൂടെ കൊടുക്കണം അദ്ദേഹത്തിനു കൂടി സ്വീകാര്യമായാൽ നമുക്ക് ഈ കാര്യങ്ങൾ എല്ലാം ചെയ്യാം. അപ്പോൾ സംസ്ഥാന ആരോഗ്യവകുപ്പിനെ നിയന്ത്രിക്കുന്നത് വീണ ജോർജ് ആണോ മുഹമ്മദ് റിയാസ് ആണോ എന്നും എം ടി രമേശ് ചോദിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് പൊതുവരാമത്ത് വകുപ്പിന് കീഴിലാണോ? ആരോഗ്യവകുപ്പിന് കീഴിലാണ് ? മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ആവശ്യമായ ജീവനക്കാരെ നിയമിക്കണം, കേന്ദ്ര ഗവൺമെന്റിന്റെ ഭാഗമായി ലഭിച്ച ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിക്കുമ്പോൾ അതെല്ലാം ഉപയോഗപ്പെടുത്താൻ ആവശ്യമായ സാഹചര്യം ഉണ്ടാവണമെന്നും പറയുമ്പോൾ ഇതിലൊന്നും തീരുമാനമെടുക്കാൻ എനിക്ക് കഴിയില്ല എന്ന് ഒരു ആരോഗ്യവകുപ്പ് മന്ത്രി പറയുമ്പോൾ പിന്നെ അവർ എന്തിനാണ് ആ കസേരയിൽ ഇരിക്കുന്നത് എന്നും എംടി രമേശ് ചോദിച്ചു. ഈ ആശുപത്രി നിയന്ത്രിക്കുന്നത് സംസ്ഥാന ആരോഗ്യ വകുപ്പ് അല്ല. ഇവിടെ ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിക്കാൻ വന്ന ഒരാളെ തല്ലിയപ്പോൾ അതിന് നേതൃത്വം കൊടുത്തത് സിപിഎം ആണെന്ന് നമുക്ക് എല്ലാവർക്കും ഓർമ്മയുള്ള കാര്യമാണ്. ഓപ്പറേഷൻ സമയത്ത് ഒരു സ്ത്രീ മാനഭംഗത്തിന് ഇരയായപ്പോൾ അതിനെ സംരക്ഷിക്കാൻ വന്നതും സിപിഎം സംഘടനയായിരുന്നു. ഒരു ഡോക്ടറുടെ അനാസ്ഥ കൊണ്ട് ജീവിതകാലം മുഴുവൻ ഒരു ഒരാൾ ബെഡിൽ കിടക്കേണ്ട അവസ്ഥ വന്നപ്പോൾ ആ ഡോക്ടറെ സംരക്ഷിക്കാൻ വന്നതും സിപിഎം ആയിരുന്നു. ഈ മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ, ഇതിന്റെ പരിസരത്തുള്ള സാമൂഹികവിരുദ്ധരെ എല്ലാം നിയന്ത്രിക്കുന്നതും സംരക്ഷിക്കുന്നതും എല്ലാം സിപിഎമ്മാണ്. ഈ മെഡിക്കൽ കോളേജ് പരിസരത്ത് മയക്കുമരുന്ന് കച്ചവടത്തിന് മെഡിക്കൽ കോളേജിനുള്ളിലെ ആളുകൾ തന്നെ നേതൃത്വം നൽകുന്നു എന്ന് പറഞ്ഞപ്പോൾ എന്തിനാണ് സിപിഎമ്മിന് പൊള്ളുന്നത് എന്നും എംടി രമേശ് ചോദിച്ചു. അന്വേഷണം നടത്താതെ മെഡിക്കൽ കോളേജിനെതിരെ വരുന്ന ഓരോ ആരോപണത്തെയും പ്രതിരോധിക്കാൻ ശ്രമിക്കുകയാണ് സിപിഎം ചെയ്യുന്നത്. ഈ മെഡിക്കൽ കോളേജിലെ എല്ലാ ക്രിമിനൽ പ്രവർത്തനത്തിനും സാമൂഹിക വിരുദ്ധ പ്രവർത്തനത്തിനും നേതൃത്വം നൽകുന്ന വ്യക്തികൾക്കെല്ലാം സംരക്ഷണം നൽകുന്നത് സിപിഎമ്മാണ്. ഇതൊരു കോക്കസാണ് ആ കോക്കസിന് കീഴിലാണ് മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നത്. ആ കോക്കസിൽ നിന്നും മെഡിക്കൽ കോളേജിനെ വിമുക്തമാക്കിയാൽ മാത്രമേ ഇവിടുത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് ജീവനക്കാരുടെ എണ്ണത്തിൽ ഇത്രയും കുറവുണ്ടായിട്ടും അത് പരിഹരിക്കാൻ സാധിക്കാത്തത്. 10000 കണക്കിന് രോഗികൾ വന്നു പോകുന്ന ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരുടെ പത്തിൽ ഒരു ശതമാനം പോലുമില്ല എന്നത് സർക്കാറിന് അറിയാവുന്ന കണക്ക് ആണല്ലോ എന്നും അദ്ദേഹം പറഞ്ഞു. അത് ഒരു വിഭാഗത്തിൽ മാത്രമല്ല മെഡിക്കൽ കോളേജിലെ പ്രധാനപ്പെട്ട എല്ലാ വിഭാഗത്തിലും ആളില്ല, എന്തുകൊണ്ടാണ് അത് പരിഹരിക്കാൻ സാധിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ഒഴിവുകൾ ആരോഗ്യവകുപ്പ് പിഎസ്സിക്ക് നിരത്തി കഴിഞ്ഞാൽ പിന്നെ ഇതെല്ലാം ഉപയോഗപ്പെടുത്തി ആളെ നിയമിച്ച് പണപ്പിരിവ് നടത്താൻ സിപിഎമ്മിന് സാധിക്കുകയില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. ഇവിടെ കരാർ അടിസ്ഥാനത്തിൽ ആണല്ലോ ആളുകളെ നിയമിക്കുന്നത്. ഇങ്ങനെ നിയമിക്കുന്ന ആളുകളോട് സിപിഎം വലിയ തുക വാങ്ങുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് നമുക്കെല്ലാം അഭിമാനകരമായിരുന്നു എന്നാൽ പുറത്തുവരുന്ന വാർത്തകൾ ഈ നാടിനാകെ അപമാനം ആകുന്ന കാഴ്ചയാണ്. കൂടാതെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് കോഴിക്കോട് സ്വകാര്യ ആശുപത്രികളുമായുള്ള ബന്ധം നമുക്ക് എല്ലാവർക്കും അറിയാം.ഈ ആശുപത്രിയിൽ നിന്ന് റിട്ടയർ ചെയ്ത് പിറ്റേദിവസം നേരെ സ്വകാര്യ ആശുപത്രിയിൽ പോയി ജോയിൻ ചെയ്യുന്ന ധാരാളം ഡോക്ടർമാരുണ്ട്, ചില ഡോക്ടർമാർ ഇവിടെ വരുന്ന രോഗികളോട് സ്വകാര്യ ആശുപത്രികളിലേക്ക് നിങ്ങൾ പോകണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട് . കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രികളെ സഹായിക്കൽ ആണോ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ജോലി എന്നും അദ്ദേഹം ചോദിച്ചു. എന്താണിവർ തമ്മിലുള്ള ബന്ധം? ആ ബന്ധത്തെ കുറച്ചുകൂടി കൂടി അന്വേഷിക്കണം. അതിന് ഏറ്റവും വലിയ ഉദാഹരണമാണല്ലോ ഒരു ചെറുപ്പക്കാരനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ പറഞ്ഞിട്ട് പോലും ചെയ്യാതെ ബന്ധുക്കൾക്ക് സ്വകാര്യ ആശുപത്രിയിലേക്ക് പോകേണ്ട സാഹചര്യം ഉണ്ടായത്. ഈ സംഭവത്തിന് സത്യത്തിൽ ഡോക്ടർമാർക്കെതിരെ കേസെടുക്കേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു. ആ ചെറുപ്പക്കാരൻ ഇപ്പോഴും സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. അതിനുള്ള തുക ആര് കൊടുക്കുമെന്നും എംടി രമേശ് ചോദിച്ചു.
ജില്ലാ വൈസ്പ്രസിഡന്‍റ് ഹരിദാസ് പൊക്കിണാരി അദ്ധ്യക്ഷത വഹിച്ചു.സത്യാഗ്രഹം അനുഷ്ഠിച്ച ബിജെപി ജില്ലാപ്രസിഡന്‍റ് വി.കെ.സജീവന്‍,ദേശീയ സമിതിയംഗം കെ.പി.ശ്രീശന്‍,ജില്ലാ ജനറല്‍ സെക്രട്ടറി എം.മോഹനന്‍, അഡ്വ.കെ.വി.സുധീര്‍,അഡ്വ.രമ്യ മുരളി,ശശിധരന്‍ നാരങ്ങയില്‍, കെ.പി.വിജയലക്ഷ്മി,പി.രമണിഭായ്,ബിന്ദു ചാലില്‍,പ്രശോഭ് കോട്ടുളി, ടി.റിനീഷ്, ടി.പി.സുരേഷ്,കെ.നിത്യാനന്ദന്‍,കെ.ഷൈബു,സുധീര്‍ കുന്ദമംഗലം,തിരുവണ്ണൂര്‍ ബാലകൃഷ്ണന്‍,എന്‍.ശിവപ്രസാദ്,രമ്യ സന്തോഷ്,സി.എസ്.സത്യഭാമ തുടങ്ങിയവര്‍ സംസാരിച്ചു.