General

55 കാരിയുടെ മരണം മരുന്നു മാറി നൽകിയതിനെ തുടർന്നെന്ന് കുടുംബം


തിരൂരില്‍ 55കാരിയുടെ മരണപ്പെട്ടത് മരുന്ന് മാറി നല്‍കിയതിനാലെന്ന ആരോപണവുമായി കുടുംബം. ആലത്തിയൂര്‍ പൊയ്‌ലിശേരി സ്വദേശി പെരുള്ളി പറമ്പില്‍ ആയിശുമ്മയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ നിന്നു മാറി നല്‍കിയ മരുന്നു കഴിച്ചതാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.

കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു മരണപ്പെട്ട ആയിശുമ്മ. ഇതിന്റെ ഭാഗമായാണ് ഡോക്ടറെ കാണാന്‍ ഏപ്രില്‍ 18ന് ആശുപത്രിയില്‍ എത്തുന്നത്. എന്നാല്‍ ഡോക്ടര്‍ എഴുതിയ മരുന്നുകളില്‍ ഒരെണ്ണം ഫാര്‍മസിയില്‍ നിന്ന് മാറി നല്‍കുകുയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. പേശികള്‍ക്ക് അയവ് വരാന്‍ നല്‍കുന്ന മിര്‍ട്ടാസ് 7.5 എന്ന ഗുളികക്ക് പകരം ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന മെക്സ്റ്റി 7.5 എന്ന ഗുളികയാണ് മാറി നല്‍കിയത്. ഈ ഗുളിക കഴിച്ചതു മുതല്‍ തന്നെ ശാരീരിക അസ്വസ്ഥതകള്‍ കണ്ടു തുടങ്ങിയതായും ബന്ധുക്കള്‍ പറഞ്ഞു.

ഇതോടെ നേരത്തെ കാണിച്ചിരുന്ന ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് മറ്റു രണ്ട് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ആരോഗ്യനില വഷളായതോടെ നടത്തിയ പരിശോധനയിലാണ് മരുന്നു മാറി നല്‍കിയ വിവരം അറിഞ്ഞതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ ഡി.എം.ഓ, ആരോഗ്യവകുപ്പ്മന്ത്രി എന്നിവര്‍ക്കുള്‍പ്പെടെ പരാതി നല്‍കി നിയമപരമായി മുന്നോട്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.


Reporter
the authorReporter

Leave a Reply