Wednesday, November 20, 2024
Education

ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്


തിരൂർ: ഒന്നാം ക്ലാസ് വിദ്യാർഥികൾക്കായി ഈ അധ്യയന വർഷം പ്രസിദ്ധീകരിച്ച പുതിയ പാഠപുസ്തകങ്ങൾ അനുയോജ്യമല്ലെന്ന വിലയിരുത്തലിൽ മാറ്റാനൊരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായാണ് ഈ അധ്യയന വർഷത്തിൽ ഒന്നാം ക്ലാസിലെ കുട്ടികൾക്കായി പുതിയ പാഠപുസ്തകം ഇറക്കിയിരുന്നത്. വ്യാപക വിമർശനം ഉയർന്നതിനെത്തുടർന്നാണ് ഇവ മാറ്റുന്നത്.

ഒന്നാം ക്ലാസിലെ മലയാളം, ഇംഗ്ലീഷ്, ഗണിതം, അറബിക് പുസ്തകങ്ങൾ മാറ്റി പുതിയത് ഇറക്കാനാണ് തീരുമാനം. മലയാളം, ഇംഗ്ലീഷ്, ഗണിതം പാഠപുസതകങ്ങൾ രണ്ടു ഭാഗങ്ങളായാണ്. ഇവയുടെ വർക്ക് ബുക്കുകളും അധ്യാപക സഹായിയും ഇതിനൊപ്പം മാറ്റേണ്ടിവരും. ഇതിൻ്റെ ഭാഗമായി അടുത്ത അധ്യയനവർഷത്തേക്കുള്ള പുതിയ പാഠപുസ്തക നിർമാണ ശിൽപശാല കഴിഞ്ഞ ദിവസം കോഴിക്കോട്ട് വച്ച് നടത്തുകയും ചെയ്തിരുന്നു. ഈ വർഷം ഒന്നാം ക്ലാസിലേതിന് പുറമെ മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് ക്ലാസുകളിലെ പാഠപുസ്തകങ്ങളും പുതുക്കിയിരുന്നു.

ഇത് സംബന്ധിച്ച് അധ്യാപകരിൽ നിന്നും എസ്.എസ്.ഇ.ആർ.ടി അഭിപ്രായം തേടുകയും ചെയ്തിരുന്നു. ഇതിൽ ലഭിച്ച പ്രതികരണത്തിൻ്റെ കൂടി അടിസ്ഥാനത്തിലാണ് പുസ്തകം തിരുത്തുന്നത്. എസ്.സി.ആർ.ടി. പ്രതിനിധികളും പാഠപുസ്തക നിർമാണസമിതി അംഗങ്ങളും വിവിധ ജില്ലകളിൽനിന്നുള്ള ഒന്നാം ക്ലാസ് അധ്യാപകരുമാണ് ശിൽപശാലയിൽ പങ്കെടുത്തത്. മുൻവർഷത്തെ പാഠപുസ്തകത്തിന് കിട്ടിയ സ്വീകാര്യത പുതുക്കിയ പുസ്തകത്തിന് കുട്ടികൾക്കിടയിൽ കിട്ടിയിട്ടില്ലെന്നാണ് അധ്യാപകർ പറയുന്നത്. പഴയപോലെ പഠനം ആസ്വാദ്യകരമാകുന്ന സാഹചര്യം പുതിയ പുസ്തകത്തിനില്ലെന്നും അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

ഇതിന് പുറമെ ഒന്നാം ക്ലാസ് പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തിലെ ബാഹുല്യമാണ് പ്രധാനമായും അധ്യാപകർ പങ്കുവച്ചത്. ഒന്നാം പാഠം തന്നെ പൂർത്തിയാക്കാൻ മാസങ്ങൾ വേണ്ടിവന്നെന്നാണ് വിമർശനം. പഠനാനുബന്ധ പ്രവർത്തനങ്ങൾ കൂടുതലായി ഉൾപ്പെടുത്തിയത് കുട്ടികളെ മടുപ്പിക്കുന്നു. മിക്ക ക്ലാസുകളിലെയും പുതുക്കിയ പാഠപുസ്തകങ്ങളുടെ സ്ഥിതിയും ഇതു തന്നെയാണെന്ന് അധ്യാപകർ പറയുന്നുണ്ട്. പല കാരണങ്ങളാൽ അധ്യയന ദിവസങ്ങൾ നഷ്ടപ്പെടുമ്പോൾ പാഠഭാഗങ്ങൾ ഓടിച്ചു തീർക്കേണ്ട സാഹചര്യമാണ്.

കൂടാതെ പ്രവർത്തന പുസ്തകത്തിൽ ഏറെ കാര്യങ്ങൾ ചെയ്തുതീർക്കാനുള്ളതിനാൽ കുട്ടികൾക്ക് മറ്റൊന്നിനും സമയം കിട്ടുന്നില്ല. അതിനിടെ, സംസ്ഥാനത്ത് ആദ്യമായാണ് അധ്യാപകരുടെയും വിദ്യാർഥികളുടെയും അഭിപ്രായംതേടി അവ പരിഗണിച്ച് പാഠപുസ്തകം പരിഷ്കരി ക്കുന്നതെന്ന് എസ്.സി.ആർ.ടി.ഇ അവകാശപ്പെടുന്നുണ്ട്. എന്നാൽ, ഈ വർഷത്തെ ഒന്നാം ക്ലാസുകാരെ ഇത്തരത്തിൽ പരീക്ഷണത്തിന് വിട്ടുകൊടുക്കേണ്ടതുണ്ടായിരുന്നോ എന്ന ചോദ്യവും ഉയരുന്നുണ്ട്.


Reporter
the authorReporter

Leave a Reply