Sunday, December 22, 2024
Local News

പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു;4 പേർ അറസ്റ്റിൽ


കാസർകോട്: കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. മന്ത്രവാദിനിയായ യുവതി ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ, മധൂർ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്. സ്വർണ്ണം ഇരട്ടിച്ച് നൽകാമെന്ന് പറഞ്ഞ് അബ്ദുൽ ഗഫൂറിൻ്റെ വീട്ടിൽ വെച്ച് പ്രതികള്‍ മന്ത്രവാദം നടത്തിയെന്ന് പൊലീസ് കണ്ടെത്തി. സ്വർണ്ണം മുന്നിൽ വെച്ചായിരുന്നു മന്ത്രവാദം. ഈ സ്വർണ്ണം തിരിച്ച് നൽകേണ്ടി വരുമെന്ന് കരുതിയായിരുന്നു കൊലപാതകം. 596 പവൻ സ്വർണ്ണമാണ് മന്ത്രവാദ സംഘം തട്ടിയത്.

പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുൽ റഹ്‍മയിലെ എം സി അബ്ദുൽഗഫൂറിനെ 2023 ഏപ്രില്‍ 14 നാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സ്വാഭാവിക മരണമെന്ന് ഭാര്യയും മക്കളും ബന്ധുക്കളും കരുതി. മൃതദേഹം സംസ്കരിക്കുകയും ചെയ്തു. എന്നാൽ പിന്നീടാണ് വീട്ടിൽ നിന്ന് 596 പവൻ സ്വർണം നഷ്ടമായെന്ന കാര്യം ബന്ധുക്കളറിയുന്നത്. ഇതോടെ മരണത്തിൽ സംശയമുയർന്നു. അബ്ദുൽ ഗഫൂറിന്‍റെ മകൻ അഹമ്മദ് മുസമ്മിൽ ബേക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഷാർജയിലെ സൂപ്പർമാർക്കറ്റ് ഉടമയായിരുന്നു അബ്ദുൽ ഗഫൂർ.


Reporter
the authorReporter

Leave a Reply