കണ്ണൂരിൽ ആർടിഒ ഓടിച്ചിരുന്ന കാർ കുഴിയിൽ വീണ് താലനാരിഴയ്ക്ക് ഒഴിവായത് വൻ അപകടം. മട്ടന്നൂർ ആർടിഒ ജയറാം സഞ്ചരിച്ചിരുന്ന കാറാണ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കുഴിച്ച കുഴിയിലേക്ക് മറിഞ്ഞത്. സാരമായ പരിക്കുകളൊന്നുമില്ലാതെ അദ്ദേഹം രക്ഷപ്പെട്ടു. മരുതായി റോഡിൽ ഇന്നലെ രാത്രി തിരിഞ്ഞായിരുന്നു സംഭവം.
പതിവ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് തിരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. നിർമ്മാണ ആവശ്യങ്ങൾക്കായി റോഡിൽ കുഴി എടുത്തിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന യാതൊന്നും സമീപത്ത് സ്ഥാപിച്ചിരുന്നില്ല. ഇതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ ഉടനടി തന്നെ അദ്ദേഹത്തെ വാഹനത്തിൽനിന്ന് പുറത്തിറക്കി.
പ്രദേശത്ത് സൂചന ബോർഡുകളോ ഇൻഡിക്കേറ്ററുകളോ മറ്റു ജാഗ്രത ഫലകങ്ങളോ ഒന്നുമില്ലാത്തത് യാത്രക്കാർക്ക് വൻതോതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.