കോഴിക്കോട്: ഭാഷാബഹുസ്വരത ഭാരതത്തിന്റ വരദാനമാണെന്നും അതിനെ ശാപമായി കാണുന്നത് ഉചിതമല്ലെന്നും ഭാഷാസമന്വയ വേദിയും പീപ്പിള്‍സ് റിവ്യൂവും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറിലെ പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു. ഒരേ സമയം അനേക ഭാഷകളില്‍ മൂല്യവത്തായ കൃതികള്‍ പിറക്കുന്നത് ഏകരാഷ്ട്രത്തിന്റെ സംസ്‌കാരത്തിന് ആവിഷ്‌കാരം നല്‍കലാണെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നു. ബി.എസ്.വി അംഗങ്ങള്‍ ചേര്‍ന്ന് വിവര്‍ത്തനം ചെയ്ത് പീപ്പിള്‍സ് റിവ്യു പ്രസിദ്ധീകരിച്ച ‘ഏക രാഷ്ട്രം അനേകഥകള്‍’ എന്ന സമാഹാരം നോവലിസ്റ്റ് പി.ടി രാജലക്ഷ്മിക്ക് ആദ്യപ്രതി നല്‍കിക്കൊണ്ട് ഡോ.ആര്‍സു പ്രകാശനം ചെയ്തു. ദാമോദര്‍മൗസോവിന്റെ രചനാ പ്രപഞ്ചം എന്ന വിഷയം ഡോ.ആര്‍സു അവതരിപ്പിച്ചു. ഗോവയുടെ സംസ്‌കാരവും ആചാരാനുഷ്ഠാനങ്ങളും ആധുനികതയും പ്രാചീനതയും പ്രതിഫലിക്കുന്ന കണ്ണാടിയാണ് മൗസോവിന്റെ കഥകള്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവര്‍ത്തനം ഭാഷകളെയും ഒപ്പം സംസ്‌കാരങ്ങളെയും കൂട്ടിയിണക്കുന്ന കണ്ണിയാണെന്നും വിവര്‍ത്തനത്തിന്റെ അഭാവത്തില്‍ ഇന്ത്യയിലെ ഭിന്ന ഭാഷക്കാര്‍ക്ക് അപരിചിതരായി കഴിയേണ്ടുന്ന ദുരവസ്ഥ വരുമെന്നും ഓണ്‍ലൈന്‍ സന്ദേശത്തിലൂടെ ദാമോദര്‍ മൗസോ പറഞ്ഞു. ഡോ.ഒ വാസവന്‍ അധ്യക്ഷത വഹിച്ചു. ഡോ.പി.കെ.രാധാമണി, സഫിയ നരിമുക്കില്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ. ഇ.കെ സ്വര്‍ണകുമാരി, കെ.ജി രഘുനാഥ്, ഡോ.രഘുറാം പി.എ ആശംസകള്‍ നേര്‍ന്നു. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് മാനേജിങ് ഡയരക്ടര്‍ പി.ടി. നിസാര്‍ സ്വാഗതവും ‘ഏകരാഷ്ട്രം അനേക കഥകള്‍’ കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ വേലായുധന്‍ പള്ളിക്കല്‍ നന്ദിയും പറഞ്ഞു.