ന്യൂഡൽഹി: പടക്കം പൊട്ടിക്കൽ നിരോധിക്കുന്നത് ഏതെങ്കിലും സമൂഹത്തിന് എതിരല്ലെന്ന് സുപ്രീം കോടതി. വിനോദത്തിൻറയും ആസ്വാദനത്തിന്റെയും പേരിൽ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കാൻ സമ്മതിക്കില്ലെന്നും സുപ്രീകോടതി വ്യക്തമാക്കി. അന്തരീക്ഷ മലിനീകരണം തടയുന്നതിനായി രാജ്യത്താകമാനം പടക്കംപൊട്ടിക്കലും വിൽപനയും നിരോധിക്കണമെന്ന ഹർജിയിലാണ് സുപ്രീം കോടതി വിധി.
ഉത്തരവ് പൂർണതോതിൽ നടപ്പാക്കണമെന്ന് എം.ആർ. ഷാ, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവൻ വെച്ച് കളിക്കാൻ പടക്കനിർമാതാക്കളെ അനുവദിക്കില്ലെന്നും ജനങ്ങളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാനാണെന്നും നിയമപാലകാരെന്നും കോടതി പറഞ്ഞു.കോടതിയലക്ഷ്യം നടത്തിയതിന് ശിക്ഷിക്കപ്പെടാതിരിക്കാൻ ആറു പടക്കനിർമാതാക്കൾ കാരണം കാണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
സമ്പൂർണനിരോധം ഏർപ്പെടുത്തണമെന്ന ആവശ്യം കോടതി നേരത്തേ തള്ളിയിരുന്നു. അംഗീകൃത വ്യാപാരികളിൽനിന്ന് ഹരിത പടക്കങ്ങൾ മാത്രം വാങ്ങാനുള്ള അനുമതിയും കോടതി നൽകിയിരുന്നു. സാധാരണ പടക്കങ്ങളേക്കാൾ 30 ശതമാനം മലിനീകരണതോത് കുറഞ്ഞവയാണ് ഹരിത പടക്കങ്ങൾ. ഹരിത പടക്കങ്ങളുടെ ഉപയോഗം മാത്രേമേ പ്രോത്സാഹിപ്പിക്കുന്നുള്ളൂവെന്ന് കോടതി വ്യക്തമാക്കി. ഡൽഹിയിൽ 2022 ജനുവരി ഒന്നുവരെ പടക്കത്തിന് പൂർണനിരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഏതാനും സംസ്ഥാനങ്ങളിലും നിരോധനമുണ്ട്.