തിരുവനന്തപുരം: പൂർണമായി ഓൺലൈനിലാക്കിയ സേവനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ നേരിട്ട് അപേക്ഷവാങ്ങാൻ പാടില്ലെന്ന് നിർദേശം. ഗതാഗതമന്ത്രിയുടെ ഉത്തരവുപ്രകാരം ട്രാൻസ്പോർട്ട് കമ്മിഷണറാണ് നിർദേശങ്ങൾ നൽകിയത്. സാങ്കേതിക തടസ്സങ്ങളില്ലാത്ത ഇത്തരം അപേക്ഷകൾ ഓഫീസിൽ നേരിട്ടുവാങ്ങി സേവനം നൽകുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വീഴ്ചയായി പരിഗണിക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
ഓഫീസുകൾ കടലാസ് രഹിതമാക്കുമെന്ന പ്രഖ്യാപിതലക്ഷ്യത്തിനു വിരുദ്ധമായി രജിസ്റ്റർ സൂക്ഷിക്കണമെന്ന നിർദേശവും ഇതോടൊപ്പമുണ്ട്. ഏതെങ്കിലും അപേക്ഷ തടഞ്ഞുവെക്കുകയോ മടക്കിയയയ്ക്കുകയോ ചെയ്താൽ അവയുടെ വിവരങ്ങൾക്കായി പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണം. അപേക്ഷ തെറ്റുതിരുത്തി വരുമ്പോൾ തീരുമാനമെടുത്ത് തീയതി, സമയം എന്നിവ രേഖപ്പെടുത്തി ചുവന്ന വട്ടംവരച്ച് ഫയൽ ക്ലോസ് ചെയ്യണം. ഇങ്ങനെ വട്ടംവരയ്ക്കാത്തവ ഇടയ്ക്കിടെ പരിശോധിക്കണമെന്നും പറയുന്നുണ്ട്. ഇതെല്ലാം ഓൺലൈനിൽ ചെയ്യാവുന്നതേയുള്ളൂവെന്ന് ജീവനക്കാർ പറയുന്നു.
ലൈസൻസ് പുതുക്കൽ, മേൽവിലാസം മാറ്റൽ, ഡ്യൂപ്ലിക്കേറ്റ് എടുക്കൽ, അധിക ക്ലാസ് കൂട്ടിച്ചേർക്കൽ തുടങ്ങിയവയാണ് ഓൺലൈനിൽ ലഭിക്കുന്ന സേവനങ്ങൾ. ആർ.സി.ബുക്കിലെ മേൽവിലാസം തിരുത്തൽ, ഉടമസ്ഥാവകാശം മാറ്റൽ, വാഹനത്തിന്റെ എൻ.ഒ.സി. നൽകൽ, ഡ്യൂപ്ളിക്കേറ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഹൈപ്പോത്തിക്കേഷൻ റദ്ദാക്കൽ, പെർമിറ്റ് പുതുക്കൽ തുടങ്ങിയ സേവനങ്ങൾ ഇനിയും ഓൺലൈനിലായിട്ടില്ല.
എന്നാൽ വകുപ്പിൽ സേവനങ്ങൾ ഓൺലൈനിലാക്കാനുള്ള നീക്കങ്ങൾ പകുതിവഴിയിലാണെന്ന് ജീവനക്കാർതന്നെ പറയുന്നു. ഓൺലൈനാക്കിയെന്ന് പ്രഖ്യാപിച്ച പല സേവനങ്ങൾക്കും ഓഫീസിൽ പോകേണ്ട സ്ഥിതിയിലാണ് ഗുണഭോക്താക്കൾ. ലൈസൻസുമായി ബന്ധപ്പെട്ട ‘സാരഥി’ സേവനങ്ങളാണ് ഓൺലൈനിൽ ലഭിക്കുന്നത്. ആർ.സി.ബുക്കുമായി ബന്ധപ്പെട്ട ‘വാഹൻ’ സേവനങ്ങൾ ഇപ്പോഴും ലഭ്യമല്ലെന്നും ജീവനക്കാർ പറയുന്നു.