കൊച്ചി: ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ചു ഭാരതീയ വിദ്യാഭവൻ സ്കൂളും കൊച്ചി കേന്ദ്രീകരിച്ചുള്ള അന്താരാഷ്‌ട്ര ബിസിനസ് സ്ഥാപനമായ 33 ഹോൾഡിങ്സും സംയുക്തമായി വിദ്യാർഥികൾക്ക് 1000 വൃക്ഷത്തൈകൾ നൽകി. കൊച്ചി നഗരത്തിലും പരിസരത്തുമായി നൂറുകണക്കിനു മരങ്ങൾ വച്ചുപിടിപ്പിച്ചതിനു പുറമെയാണിത്.
രാജ്യത്തിനകത്തും പശ്ചിമേഷ്യയിലും ആഫ്രിക്കയിലുമായി ആരോഗ്യപരിരക്ഷണം, വ്യാപാരം, റിയൽ എസ്റ്റേറ്റ്, ലോജിസ്റ്റിക്സ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന “33 ഹോൾഡിങ്സ്’ പരിസ്ഥിതി സൗഹാർദ ബിസിനസ് പദ്ധതിയുടെ ഭാഗമായാണ് വൃക്ഷത്തൈ വിതരണത്തിന് ഭവൻസുമായി കൈകോർത്തത്.
ഏതു പദ്ധതിയും അതിന്‍റെ അടിത്തറയിൽനിന്നാണ് പരിപോഷിപ്പിച്ചെടുക്കേണ്ടതെന്നും നമ്മുടെ ഭാവിവാഗ്ദാനങ്ങൾ എന്ന നിലയ്ക്ക് വിദ്യാർഥികളുമായി കൈകോർക്കുകയാണ് അതിനുള്ള നല്ല വഴിയെന്നും 33 ഹോൾഡിങ്സ് ചെയർമാൻ വി.പി. മിയാൻദാദ് പറഞ്ഞു. പൊതു ലക്ഷ്യമായ ഹരിത ഭൂമിക്കു വേണ്ടി ഭവൻസുമായി കൈകോർത്തതും പ്രചോദനാത്മകമായ ടീംവർക്കും പദ്ധതി സാർഥകമാണെന്ന് തെളിയിക്കുന്നു. സിഎസ്ആർ പരിപാടികൾ ഉൾപ്പെടെ സ്ഥാപനം ഭാവിയിൽ ഹരിത പദ്ധതികൾക്ക് കൂടുതൽ പ്രാധാന്യം നൽകും.
കമ്പനിയുടെ ബിസിനസ് പൂർണമായും സുസ്ഥിര കാർബൺ വിമുക്തമാക്കുകയെന്നതാണ് ലക്ഷ്യം. സുസ്ഥിര പദ്ധതികൾ ഉൾക്കൊള്ളുന്നതിനായി ഇടപാടുകാരെ സഹായിക്കുക എന്നതു മുതൽ ഭാവിയിലെ മാറ്റത്തിനായി വ്യാപാര മേഖലയിലെ മറ്റുള്ളവർക്കും വിദ്യാർഥികൾക്കും ഉൾക്കാഴ്ച നൽകുകയെന്നതും പദ്ധതിയിടുന്നു. വരാനിരിക്കുന്ന ലോ കാർബൺ യുഗത്തിൽ 33 ഹോൾഡിങ്സ് മുൻനിരയിൽ നിന്ന് പ്രവർത്തിക്കുകയും ഹരിത ഭൂമിക്കായുള്ള പ്രവർത്തനങ്ങളിൽ ചാലകശക്തിയായിരിക്കുകയും ചെയ്യുമെന്നും സ്ഥാപനം വ്യക്തമാക്കുന്നു.