എഡ്വിൻ പൗലോസ്
കോഴിക്കോട്: ഇനി ഇവരെയാരും കല്ലെടുത്തെറിഞ്ഞ് ആട്ടിയോടിക്കില്ല,ചീറി പായുന്ന വാഹനങ്ങൾക്കടിയിൽപെട്ട് ജീവൻ പൊലിഞ്ഞ് ഇനി ഇവരെയാരും കാണില്ല.കോഴിക്കോട് കോർപറേഷൻ്റെ നേതൃത്വത്തിൽ കോഴിക്കോട് ടാഗോർ ഹാളിൽ സംഘടിപ്പിച്ച ബൗ ബൗ ഫെസ്റ്റിലൂടെയാണ് നൂറോളം വരുന്ന തെരുവനായക്കുട്ടികൾക്ക് പുതുജീവൻ കിട്ടിയത്.
കെയർ, പീപ്പിൾ ഫോർ ആനിമൽ എന്നീ സംഘടനകൾ വഴിയും എ.ബി.സി സെൻ്ററിൽ നിന്നുള്ളതുമായ നായക്കുഞ്ഞുങ്ങളെയാണ് ഫെസ്റ്റിലൂടെ വിതരണം ചെയ്തത്. പേവിഷ ബാധക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പെടുത്തശേഷമാണ് നായക്കുട്ടികളെ വിതരണം ചെയ്തത്.
കോർപറേഷൻ്റെ വെബ്സൈറ്റിൽ ഉള്ള ലിങ്കിൽ രജിസ്റ്റർ ചെയ്ത ശേഷം തിരിച്ചറിയൽ കാർഡ് എത്തിയവർക്കാണ് നായക്കുട്ടികളെ നൽകിയത്.പലരും ഒന്നിലധികം നായക്കുട്ടികളെയും കൊണ്ടാണ് പോയത്
തെരുവിൽ അലയുന്ന തെരുവുനായകൾക്ക് ഒരു വീടൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കെയർ ഫൗണ്ടേഷർ ഭാരവാഹിയായ ഡെറിക് പോൾ പറഞ്ഞു.
കേരളത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു കോർപറേഷൻ്റെ നേതൃത്വത്തിൽ ഇത്തരമൊരു ഡ്രൈവ് നടത്തുന്നത്. ജനങ്ങളുടെ സഹകരണം കണ്ടതോടെ ഫെസ്റ്റ് ഇനിയും സംഘടിപ്പിക്കാനാണ് സംഘടനകളുടെയും തീരുമാനം.