കോഴിക്കോട് : ദർശനം ഓൺലൈൻ വായന മുറിയിൽ വനിത എഴുത്തുകാരുടെ രചനകളുടെ ഉത്സവം ആരംഭിച്ചു. ദർശനം ഗ്രന്ഥശാല എം. എൻ. സത്യാർത്ഥി ഹാളിൽ കഥാ നിരൂപക ഡോ. മിനി പ്രസാദ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
ജൂൺ 19 മുതൽ ജൂലൈ 7 വരെ നടന്ന വായന പക്ഷാചരണ ക്കാലത്ത് പ്രസിദ്ധീകരിച്ച 19 രചനകൾക്ക് ആസ്വാദനക്കുറിപ്പ് എഴുതി സമ്മാനങ്ങൾക്ക് അർഹരായ ജില്ലയിലെ 4 താലൂക്കുകളിലേയും വിജയികളായ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കവി പി.കെ.ഗോപി മെമെന്റോ , പ്രമുഖ സാഹിത്യകാരൻമാർ ഒപ്പിട്ട പുസ്തകങ്ങൾ , സാക്ഷ്യപത്രം എന്നിവ നല്കി അനുമോദിച്ചു.
ജില്ലാ ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ഗ്രന്ഥശാല പ്രസിഡന്റ് ടി.കെ. സുനിൽകുമാർ അധ്യക്ഷതവഹിച്ചു. ദർശനം ഐ ടി കോർഡിനേറ്റർ പി.സിദ്ധാർത്ഥൻ റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി എം.എ. ജോൺസൺ സ്വാഗതവും താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.കെ. ശാലിനി നന്ദിയും പറഞ്ഞു.