Wednesday, January 22, 2025
General

കലൂര്‍ സ്റ്റേഡിയം അപകടത്തിൽ ദിവ്യ ഉണ്ണിയുടെയും കല്യാൺ സിൽക്സ് അടക്കമുള്ള സ്പോൺസർമാരുടെയും മൊഴിയെടുക്കും


കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയിൽ പാലാരിവട്ടം പോലീസ് കേസെടുത്തു. രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. സംഘാടകർക്കെതിരെ കേസെടുത്തത് സാമ്പത്തിക ചൂഷണത്തിനാണ്. എറണാകുളം അസി. കമ്മീഷണർ ഓഫീസിൽ പരാതിക്കാരായ രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. സംഘാടകരുടെ പണപിരിവിനെ സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്പോൺസർമാരായ കല്യാൺ സിൽക്സ് അടക്കമുള്ളവരുടെ മൊഴിയും എടുക്കും . നർത്തകരുടെ വസ്ത്രത്തിന്റെ പേരിൽ പണപ്പിരിവ് നടത്തിയത് തങ്ങൾ വൈകിയാണ് അറിഞ്ഞതെന്ന് കല്യാൺ സിൽക്സ് വാർത്താഗ്രൂപ്പിലൂടെ പറഞ്ഞിരുന്നു . ഈ സാഹചര്യത്തിലാണ് കല്യാൺ സിൽക്സ് അടക്കമുള്ള സ്പോൺസർമാരുടെ മൊഴിയെടുക്കുന്നത്. ടിക്കറ്റ് വെച്ച് നടത്തിയ പരിപാടിയിൽ ബുക്ക് മൈ ഷോയിൽ നിന്നും പൊലീസ് വിവരങ്ങൾ തേടുകയും ചെയ്യും. സംഭവത്തില്‍ ദിവ്യ ഉണ്ണിയുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തിയേക്കും. നടൻ സിജോയ് വർഗീസിനെയും പോലീസ് വിളിപ്പിക്കും . 

സ്ഥാപനവുമായുള്ള താരങ്ങളുടെ സാമ്പത്തിക ഇടപാടുകളാണ് പൊലീസ് പരിശോധിക്കുക. ഗിന്നസ് പരിപാടിക്കായി ഉണ്ടാക്കിയ കരാർ രേഖകൾ അടക്കം ഹാജരാക്കാൻ ദിവ്യ ഉണ്ണിയോട് ആവശ്യപ്പെട്ടേക്കും. ബ്രാൻഡിംഗ് പാർട്ണർ എന്ന നിലയിലാണ് സഹകരിച്ചതെന്നാണ് നടൻ സിജോയ് വർഗീസ് അറിയിച്ചിട്ടുള്ളത്. സിജോയ് വർഗീസിന് പണം കൈമാറിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഗിന്നസ് പരിപാടിയുമായി സഹകരിച്ച സിനിമ സീരിയൽ താരങ്ങളുടെയും ഗായകരുടെയും മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം, സാമ്പത്തിക ചൂഷണത്തിൽ ഡാൻസ് ടീച്ചർമാരെയും പ്രതികളാക്കിയേക്കും. നൃത്ത അധ്യാപകർ വഴിയായിരുന്നു പണപ്പിരിവ് നടന്നത്. ഇടനിലക്കാർ എന്ന നിലയിലാണ് ഡാൻസ് ടീച്ചർമാർക്കെതിരെ നടപടി എടുക്കുക. കൂടുതൽ പരാതികൾ കിട്ടിയാൽ അതിനനുസരിച്ച് കേസെടുക്കാനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്.

അതിനിടെ, പൊലീസ് ബുക്ക് മൈ ഷോയിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്. ടിക്കറ്റ് വെച്ച് സ്റ്റേഡിയത്തിലേക്ക് ആളെ കയറ്റിയതിലാണ് വിവരശേഖരണം നടത്തിയത്. ഇരുപതിനായിരത്തോളം ടിക്കറ്റുകൾ വിറ്റെന്നാണ് മൃദംഗ വിഷൻ ഭാരവാഹികൾ മൊഴി നൽകിയത്. 149 രൂപയ്ക്കാണ് ടിക്കറ്റുകൾ വിറ്റത് എന്നാണ് മൊഴി. എന്നാൽ അതിൽ കൂടുതൽ തുക മുടക്കി എന്നാണ് നർത്തകരുടെ മാതാപിതാക്കൾ പറഞ്ഞത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ വേണ്ടിയാണ് ബുക്ക് മൈ ഷോയിൽ നിന്ന് പോലീസ് വിവരങ്ങൾ തേടിയത്.


Reporter
the authorReporter

Leave a Reply