കോഴിക്കോട് ;സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ബോയ്‌സ് ഹോസ്റ്റല്‍ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ആതിഥേയത്വം ടൂറിസം മേഖലയുടെ ജീവവായുവാണ്. വിവിധ ടൂറിസം കേന്ദ്രങ്ങള്‍ പരിശോധിക്കുമ്പോള്‍ അവ കൂടുതല്‍ പ്രസിദ്ധമാകുന്നത് ജനങ്ങള്‍ കൂടി ബ്രാന്‍ഡ് അംബാസിഡറാകുമ്പോഴാണെന്ന് മന്ത്രി പറഞ്ഞു.
ഒരു പ്രദേശത്തിന്റെ ടൂറിസം വികാസത്തിന് അവിടുത്തെ ജനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. ശുചിത്വം ഉറപ്പുവരുത്തല്‍, ആതിഥേയത്വം, പ്രയാസമില്ലാത്ത വിധം ആ പ്രദേശത്തെ മാറ്റിയെടുക്കല്‍, ക്രമസമാധാനം ഇതിലൊക്കെ ജനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. അതേപോലെ ഒരു സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് ജീവനക്കാരുടെ സഹകരണവും പ്രാധാന്യമുള്ളതാണെന്ന് മന്ത്രി പറഞ്ഞു
.
കേരള ടൂറിസം വകുപ്പിന്റെ കീഴിലുള്ള കോഴിക്കോട് വരക്കല്‍ ബീച്ചിലുള്ള സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഹോസ്പിറ്റാലിറ്റി പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്ന ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായ സ്ഥാപനമാണ്. 7.65 കോടി രൂപ ചെലവഴിച്ചാണ് ബോയ്‌സ് ഹോസ്റ്റല്‍ കെട്ടിടം നിര്‍മിച്ചത്. വിശാലമായ അടുക്കള, ഡൈനിങ് ഹാള്‍, ജനറേറ്റര്‍, ലിഫ്റ്റ്, സന്ദര്‍ശക മുറി, മറ്റു അനുബന്ധ സൗകര്യങ്ങള്‍ കൊണ്ട് മികവുറ്റതാണ് ഹോസ്റ്റല്‍ കെട്ടിടം.
ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ ഡോ. ബീന ഫിലിപ്പ്, എം.കെ രാഘവന്‍ എം.പി, വാര്‍ഡ് കൗണ്‍സിലര്‍മാരായ എം.കെ മഹേഷ്, സി.പി സുലൈമാന്‍ എന്നിവര്‍ സംസാരിച്ചു. വിനോദസഞ്ചാര വകുപ്പ് മേഖല ജോയിന്റ് ഡയരക്ടര്‍ അനിത കുമാരി സി.എന്‍ സ്വാഗതവും പ്രിന്‍സിപ്പാള്‍ ആര്‍. സിങ്കാരവേലവന്‍ നന്ദിയും പറഞ്ഞു