ബേപ്പൂർ മണ്ഡലം പിഡബ്ലുഡി റോഡ് പരിപാലന കാലാവധി പരസ്യപ്പെടുത്തൽ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിർവ്വഹിച്ചു. റോഡുകളെ കുറിച്ചുള്ള കാര്യങ്ങൾ ജനങ്ങൾക്ക് നേരിട്ട് മനസ്സിലാക്കുന്നതിന് ഈ പദ്ധതി സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. റോഡിന്റെ നിർമ്മാണം, പരിപാലന കാലാവധി, ചെലവഴിച്ച രൂപ, പ്രവൃത്തി ഏറ്റെടുത്ത കരാറുകാരൻ തുടങ്ങിയവ പരസ്യമാക്കുന്നതിലൂടെ കാര്യങ്ങൾ കൂടുതൽ സുതാര്യമാകും.
റോഡുകൾ പരിപാലിക്കുന്നതിൽ ജനങ്ങളും സർക്കാരും ഒരേപോലെ ജാഗ്രത പാലിച്ച് മുന്നോട്ടു കൊണ്ടു പോവണമെന്ന് മന്ത്രി പറഞ്ഞു. പലപ്പോഴും കരാറുകാരുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്ന വീഴ്ച പൊതുമരാമത്ത് പ്രവർത്തികളെ കാര്യമായി ബാധിക്കാറുണ്ട്. ഈ അവസ്ഥയ്ക്ക് മാറ്റം വരേണ്ടതുണ്ടെന്നും അതിന് പദ്ധതി സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ചെറുവണ്ണൂരിൽ നടന്ന പരിപാടിയിൽ പി ഡബ്ലു ഡി അധികൃതർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.