Saturday, November 23, 2024
General

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി


തിരുവനന്തപുരം: ദക്ഷിണ മേഖല അന്തര്‍സര്‍വകലാശാല ടെന്നീസ് ടൂര്‍ണമെന്റിന് തുടക്കമായി. 22 മുതല്‍ 25 വരെ നീണ്ടുനില്‍ക്കുന്ന ടെന്നീസ് മത്സരങ്ങള്‍ കവടിയാര്‍ ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബിലും കുമാരപുരം കേരള ടെന്നീസ് അക്കാദമിയിലുമായാണ് നടക്കുന്നത്. കേരള സര്‍വകലാശാലയാണ് ആതിഥേയത്വം വഹിക്കുന്നത്. അറുപതോളം യൂണിവേഴ്‌സിറ്റി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാനാണ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തത്.

ഇത്തരം ടെന്നീസ് ചാംപ്യന്‍ഷിപ്പുകള്‍ കേരളത്തിന്റെ കായിക മേഖലയുടെ വളര്‍ച്ചയ്ക്കും പ്രോത്സാഹനമേകുമെന്ന് മന്ത്രി പറഞ്ഞു. സ്‌പോര്‍ട്‌സ് ആക്ടിവിറ്റിക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനാണ് കോളജ് ലീഗ് ആരംഭിച്ചത്. സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പാഠ്യപദ്ധതിയില്‍ പരിഗണിക്കണമെന്നും കായികരംഗത്ത് കേരളത്തിന്റെ ഭാവി സാധ്യതകളെ പറ്റിയും മന്ത്രി വിശദീകരിച്ചു. ചടങ്ങില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. കായികത്തിലൂടെ ഒരുമിപ്പിക്കുന്ന സൗഹാര്‍ദത്തെക്കുറിച്ച് മേയര്‍ സംസാരിച്ചു.

കേരള സര്‍വകലാശാല ധനകാര്യ കമ്മിറ്റി മെമ്പര്‍ അഡ്വ. ജി. മുരളീധരന്‍ അധ്യക്ഷ പ്രസംഗം നടത്തി. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ. ഷിജു ഖാന്‍ ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തിരുവനന്തപുരം ടെന്നീസ് ക്ലബ് സെക്രട്ടറി എംഡിഎസ് കുമാരസ്വാമി, പ്രസിഡന്റ് എന്‍ ജയചന്ദ്രന്‍, കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെഎസ് അനില്‍ കുമാര്‍, സിന്‍ഡിക്കേറ്റ് മെമ്പര്‍മാരായ ഡോ. നസീബ്, ആര്‍ രാജേഷ്, ഡോ. പിഎം രാധാമണി, ഡോ. എസ് ജയന്‍, അഹമ്മദ് ഫാസില്‍ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply