കോഴിക്കോട്: വെനസ്വേലയ്ക്കെതിരായ അമേരിക്കൻ സൈനിക നടപടിക്കെതിരെ ഉജ്വല സിപിഐ പ്രതിഷേധം. ലാറ്റിനമേരിക്കയുടെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ മുന്നണി പടയാളി, വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും പത്നിയെയും ബന്ദിയാക്കിയ അമേരിക്കയുടെ കിരാത നടപടിക്കെതിരെ പാർട്ടി നേതൃത്വത്തിൽ നഗരത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടന്നു. കൃഷ്ണപിള്ള മന്ദിരത്തിൽ നിന്ന് ആരംഭിച്ച പ്രകടനം കിഡ്സൺ കോർണറിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. പി വസന്തം ഉദ്ഘാടനം ചെയ്തു.

സ്വതന്ത്ര പരമാധികാര രാഷ്ട്രമായ വെനസ്വേലയ്ക്കെതിരായ കടന്നുകയറ്റവും അമേരിക്കൻ നടപടിയും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും കിരാതവുമാണെന്ന് വസന്തം പറഞ്ഞു. യു എസ് അധിനിവേശത്തിനെതിരെ ലോക വ്യാപക പ്രതിഷേധം ഉയരുമ്പോഴും സൈനിക നടപടിയെ അപലപിക്കാതെ മോഡി സർക്കാർ മൗനം പാലിക്കുന്നത് ലജ്ജാകരമാണ്. കടന്നാക്രമണത്തെ തള്ളിപ്പറയാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും അഡ്വ. പി വസന്തം പറഞ്ഞു. സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്, ജില്ലാ അസി. സെക്രട്ടറിമാരായ ആർ ശശി, പി കെ നാസർ, സിപിഐ നേതാക്കളായ ഇ സി സതീശൻ, റീന മുണ്ടേങ്ങാട്ട്, പി അസീസ് ബാബു, എം കെ പ്രജോഷ് തുടങ്ങിയവർ സംസാരിച്ചു.










