കുറ്റ്യാടി: ഇരുട്ടി വെളുക്കുമ്പോഴേയ്ക്കും ആളുകളെ വാഴ്ത്താനും വീഴ്ത്താനും പാകത്തില്‍ സമൂഹ മാധ്യമങ്ങള്‍ മാറിക്കഴിഞ്ഞത് ആശങ്കാജനകമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സമൂഹ മാധ്യമങ്ങളുടെ നന്മകള്‍ സ്വീകരിക്കുമ്പോള്‍തന്നെ തെറ്റായ പ്രവണതകളെക്കുറിച്ച കൃത്യമായ ധാരണകള്‍ ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചന്ദ്രിക ന്യൂസ് എഡിറ്ററായിരുന്ന കെ.കെ മൊയ്തുവിന്റെ ഓര്‍മയില്‍ അനുസസ്മരണ സമിതി തയ്യാറാക്കിയ ‘കെ.കെ – കാലവും കൃതിയും’ പ്രകാശനം ചെയ്യുകയായിരുന്നു വി.ഡി സതീശന്‍. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ ഏറ്റുവാങ്ങി.
സമൂഹമാധ്യമങ്ങളില്‍ വരുന്ന കണക്കുകള്‍ യാതൊരു പരിശോധനയുമില്ലാതെ സത്യമെന്നു കരുതിയാണ് പലരും പ്രചരിപ്പിക്കുന്നത്. ഇരുട്ടി വെളുക്കുമ്പോഴേയ്ക്കും ആളുകളെ വാഴ്ത്താനും വേണമെങ്കില്‍ വീഴ്ത്താനും അവ ഉപയോഗിക്കപ്പെടുന്നു. പൊതുശൗചാലയങ്ങളില്‍ അശ്ലീലങ്ങള്‍ വ്യാപകമായി എഴുതിവെക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അത്തരം എഴുത്തുകാര്‍ പലരും ഇന്ന് സമൂഹമാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുന്നുവെന്ന വിലയിരുത്തലുകള്‍ സങ്കടകരമാണെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. കെ.കെ ജസീര്‍ പ്രതിപക്ഷനേതാവിന് ഉപഹാരം നല്‍കി.
സംഘാടക സമിതി ചെയര്‍മാന്‍ കെ.പി നൂറുദ്ദീന്‍ അധ്യക്ഷനായിരുന്നു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.സി അബ്ദുല്‍ മജീദ്, ടി.കെ കുട്ട്യാലി, ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍, കെ.കെ- കാലവും കൃതിയും ചീഫ് എഡിറ്റര്‍ എം.സി വടകര, എഡിറ്റര്‍ അഹമ്മദ് മൂന്നാംകൈ, അഹമ്മദ് കു്ട്ടി ഉണ്ണികുളം, സൂപ്പി നരിക്കാട്ടേരി, കെ.വി കുഞ്ഞിരാമന്‍, അസീസ് അരീക്കര, എന്‍.പി സക്കീര്‍, ശ്രീജേഷ് ഊരത്ത്, മൈമൂന ടീച്ചര്‍ സംസാരിച്ചു. സെഡ്.എ സല്‍മാന്‍ സ്വാഗതവും ജമാല്‍ കുറ്റ്യാടി നന്ദിയും പറഞ്ഞു.