Sunday, December 22, 2024
GeneralLatestTourism

അവര്‍ ആവോളം കണ്ടു ‘കടലും കപ്പലും’


കോഴിക്കോട് :ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി തീരത്തെത്തിച്ച ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ  ‘ആര്യമാന്‍’കപ്പല്‍ കാണാന്‍ പരിമിതികളെ വകവെക്കാതെ ഭിന്നശേഷിക്കാരായ അറുപതോളം വിദ്യാര്‍ത്ഥികള്‍ എത്തി. ആദ്യമായി കപ്പലില്‍ കയറിയതിന്റെ ആകാംക്ഷയും സന്തോഷവും പലരുടെയും മുഖത്ത് തെളിഞ്ഞു. കുട്ടികളുടെ സന്തോഷത്തില്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും പങ്കു ചേര്‍ന്നു. കുട്ടികളുമായി അദ്ദേഹം സംവദിച്ചു.
 ‘ആര്യമാന്‍’ കാണാന്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രത്യേക സൗകര്യമാണ് ഏര്‍പ്പെടുത്തിയത്. കുട്ടികള്‍ക്ക് സഹായവുമായി കോസ്റ്റ് ഗാര്‍ഡ് അംഗങ്ങളും ഉണ്ടായിരുന്നു. മണ്ഡലത്തിലേതുള്‍പ്പടെയുള്ള പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്നവരാണ്  കുട്ടികള്‍. ‘ആര്യമാന്‍’കൂടാതെ മറ്റൊരു കപ്പലും കുട്ടികള്‍ സന്ദര്‍ശിച്ചു.
കോസ്റ്റ് ഗാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളെ പരിചയപ്പെടുത്താനും കപ്പലിന്റെ ഉള്‍ക്കാഴ്ചകള്‍ കാണാനും അവസരം ഒരുക്കുന്നതിന് പുറമേ നാവികസേനാംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാനുമാണ് ബേപ്പൂരില്‍ കപ്പല്‍ പ്രദര്‍ശനം നടത്തുന്നത്. കൊച്ചിയില്‍ നിന്നെത്തിച്ച ‘ആര്യമാന്‍’ കപ്പലില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് നാല് വരെയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം.
പോര്‍ട്ട് ഓഫീസര്‍ അശ്വനി പ്രതാപ്, സ്റ്റേഷന്‍ കമാന്‍ഡിംഗ് ഓഫീസര്‍ ഫ്രാന്‍സിസ് പോള്‍, ആര്യമാന്‍ കപ്പല്‍ ക്യാപ്റ്റന്‍ ലെഫ്.കമാന്റര്‍ സുധീര്‍ കുമാര്‍, ക്യാപ്റ്റന്‍ ഹരിദാസ്, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ഡോ.അമ്പിളി തുടങ്ങിയവര്‍ പങ്കെടുത്തു.

Reporter
the authorReporter

Leave a Reply