Thursday, September 19, 2024
Local News

സഹോദരിമാരുടെ പെൺമക്കൾ ചാലക്കുടിയാറിൽ മുങ്ങി മരിച്ചു


അവധിക്കാല ആഘോഷങ്ങൾക്കായി ഒത്തുചേർന്ന സഹോദരിമാരുടെ പെൺമക്കൾ ചാലക്കുടിയാറിൽ മുങ്ങി മരിച്ചു. ഇന്നലെ രാവിലെ 9.30ന് കോഴിത്തുരുത്ത് പാലത്തിന് സമീപം ചാലകുടിയാറിന്റെ കൈവഴിയിൽ ഇറങ്ങിയപ്പോഴാണ് അപകടം. പുത്തൻവേലിക്കര കുറ്റിക്കാട്ടുപറമ്പിൽ രാഹുലൻ്റേയും ഇളന്തിക്കര ഹൈസ്‌കൂളിലെ അധ്യാപിക റീജയുടെയും മകൾ മേഘ (23), റീജയുടെ സഹോദരി ബിൽജയുടെയും കൊടകര വെമ്പനാട്ട് വിനോദിന്റെയും മകൾ ജ്വാലലക്ഷ്മി (13) എന്നിവരാണ് മരിച്ചത്.

പിറന്നാൾ ദിനത്തിൻ്റെ പിറ്റേന്നാണ് ജ്വാലലക്ഷ്മിയുടെ മരണം. മേഘയുടെ സഹോദരി നേഹ ഒഴുക്കിൽപ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. ചികിത്സയിലുള്ള നേഹ അപകടനില തരണം ചെയ്തു. മൂന്നു പേർക്കും നീന്തൽ വശമില്ലായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധുക്കളായ രണ്ട് കുട്ടികൾ ഇവർക്കൊപ്പം പുഴയിലിറങ്ങിയെങ്കിലും ആഴമേറിയ ഭാഗത്തേക്ക് പോകാതിരുന്നതിനാൽ അപകടത്തിൽപ്പെട്ടില്ല. നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെയും സ്‌കൂബ ടീമിന്റെയും നേതൃത്വത്തിൽ ഒരു മണിക്കൂറിലേറെ തിരച്ചിൽ നടത്തിയ ശേഷമാണ് ജ്വാലലക്ഷ്മിയെ കണ്ടെത്തിയത്. അൽപസമയം കഴിഞ്ഞാണ് മേഘയുടെ മൃതദേഹം കിട്ടിയത്. ചാലക്കുടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

മേഘ ഇടപ്പള്ളി കാംപെയിൻ സ്കൂളിൽ ലൈബ്രേറിയനും, ജ്വാലലക്ഷ്മി പേരാമ്പ്ര സെന്റ്ലിയോബ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയുമാണ്. മൃതദേഹങ്ങൾ കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. ജ്വാലലക്ഷ്മിയുടെ മൃതദേഹം ഇന്നലെ രാത്രി കൊടകരയിലെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. സഹോദരി: ജാനകി ലക്ഷ്മി. മാൾട്ടയിൽ ജോലി ചെയ്യുന്ന മേഘയുടെ സഹോദരി രേഷ്മ ഇന്നെത്തിയശേഷം ഉച്ചയ്ക്ക് 2.30ന് സംസ്കാരം നടത്തും.


Reporter
the authorReporter

Leave a Reply