Sunday, December 22, 2024
GeneralLatest

‘കെ റയിൽ പ്രളയം ഉണ്ടാക്കില്ല, 2025-ൽ പണി തീരും, ഭൂമിയേറ്റെടുക്കാൻ 2 വർഷം’


തിരുവനന്തപുരം: തീർത്തും പരിസ്ഥിതിസൗഹൃദമായി സിൽവർ ലൈൻ പദ്ധതി പൂർത്തിയാക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈൻ കേരളത്തെ രണ്ടായി വിഭജിക്കുകയോ, പ്രളയം സൃഷ്ടിക്കുകയോ ചെയ്യില്ല. വ്യക്തമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പരിസ്ഥിതി ലോലമേഖലകളിലൂടെയോ, വന്യജീവി സങ്കേതങ്ങളിലൂടെയോ സിൽവർ ലൈൻ കടന്നുപോകുന്നില്ല. നദികളുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുന്ന തരത്തിലല്ല പദ്ധതിയുടെ അലൈൻമെന്‍റ്. പദ്ധതിയെ എതിർക്കുന്നവർക്ക് നിക്ഷിപ്തതാത്പര്യങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു.

തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും മാധ്യമമേധാവികളും പൗരപ്രമുഖരും പങ്കെടുക്കുന്ന പരിപാടിയിലാണ് മുഖ്യമന്ത്രി സർക്കാർ നിലപാട് വിശദീകരിച്ചത്.

ഗ്രാമപ്രദേശങ്ങളിൽ ഭൂമി നഷ്ടപ്പെടുന്നവർക്ക് മാർക്കറ്റ് വിലയുടെ നാലിരട്ടി നൽകും. പട്ടണങ്ങളിൽ മാർക്കറ്റ് വിലയുടെ രണ്ടിരട്ടി നൽകും. 1730 കോടി രൂപ പുനരധിവാസത്തിന് മാത്രമായി നീക്കിവച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. 4460 കോടി രൂപ വീടുകളുടെ നഷ്ടപരിഹാരത്തിന് മാറ്റിവച്ചു.

നാടിന്‍റെ മുന്നോട്ടുപോക്കിന് ഗതാഗതസൗകര്യം വർദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറയുന്നു. ‘ഇവിടെ ഒന്നും നടക്കില്ലെന്ന മനോഭാവമായിരുന്നു ആകെ എല്ലാവർക്കും ഉണ്ടായിരുന്നത്. കേരളത്തിലെ ചില ദേശീയപാതകൾ പഴയ പഞ്ചായത്ത് റോഡിനേക്കാൾ മോശമാണ്. ഇവിടെയൊന്നും നടക്കില്ലെന്ന ധാരണയിലായിരുന്നു കേന്ദ്രസർക്കാർ പല പദ്ധതികളുടെ കാര്യത്തിലും നിലപാടുകളെടുത്തിരുന്നത്. പ്രധാനമന്ത്രിയെ കണ്ടപ്പോൾ അദ്ദേഹവും ഒരിക്കൽ പറഞ്ഞത് നിങ്ങളുടെ നാട്ടിൽ പല പദ്ധതികളും വൈകുന്നുവെന്നാണ്. അടുത്ത തവണ കാണുമ്പോൾ ഇനി പദ്ധതികളുടെ മുന്നോട്ടുപോക്ക് അറിയിക്കാമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു’, മുഖ്യമന്ത്രി വ്യക്തമാക്കി.

പദ്ധതി നടപ്പാക്കുമ്പോൾ ആളുകളെ ഉപദ്രവിക്കാനല്ല, ഭൂമി നഷ്ടപ്പെട്ടവരെ എങ്ങനെ നന്നായി സഹായിക്കാമെന്നാണ് ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ഗെയിൽ പൈപ്പ് ലൈനിനെതിരെ ആദ്യം വലിയ എതിർപ്പായിരുന്നു. എതിർപ്പുകാർക്ക് പിന്നീട് വലിയ കഴമ്പൊന്നുമില്ലെന്ന് മനസ്സിലായി. ഗെയിൽ ഇപ്പോൾ പ്രവർത്തനം തുടങ്ങി.

കൂടംകുളം പദ്ധതിയും ഉദാഹരണമായി മുഖ്യമന്ത്രി എടുത്തുപറയുന്നു. കൂടംകുളത്ത് നിന്ന് വൈദ്യുതി കേരളത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ മരംമുറിയുമായി ബന്ധപ്പെട്ട് എതിർപ്പുണ്ടായി. തടയാൻ ചില ശ്രമങ്ങളുണ്ടായി. അതിൽ കൃത്യമായി സർക്കാർ സ്വീകരിക്കേണ്ട നടപടികൾ സ്വീകരിച്ചു. ഇപ്പോൾ അവിടെ നിന്നുള്ള വൈദ്യുതി കേരളത്തിലേക്ക് തടസ്സങ്ങളില്ലാതെ എത്തുന്നു.

തീരദേശറോഡ് – മലയോരഹൈവേ, ഇത് രണ്ടും ഇപ്പോൾ തടസ്സങ്ങളില്ലാതെ മുന്നോട്ടുപോവുകയാണ്. വികസനം ഇന്ന് ഉള്ളിടത്ത് മാത്രം നിൽക്കുന്നതല്ല. കാലത്തിനനുസരിച്ച് നമ്മൾ മുന്നോട്ട് പോകണം. പല മേഖലകളിലും നാം പിന്നോട്ടാണ്. ഇതിനായി പശ്ചാത്തല സൗകര്യങ്ങൾ വികസിക്കേണ്ടത് അത്യാവശ്യമാണ് – മുഖ്യമന്ത്രി പറഞ്ഞു.

ഇത്ര വലിയ ബൃഹദ് പദ്ധതിക്ക് പണം കണ്ടെത്താൻ കിഫ്ബി വഴി കഴിയുമെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നു. ഇതിനെല്ലാമുള്ള പണം ബജറ്റിന് പുറത്ത് നിന്ന് കണ്ടെത്തിയേ തീരൂ. അതിനാണ് കിഫ്ബി പുനരുജ്ജീവിപ്പിച്ചത്. 50,000 കോടി രൂുയുടെ പദ്ധതി ആവിഷ്കരിച്ചു. ഇനി നാടിന്‍റെ മുഖച്ഛായ മാറും. നാട്ടിലെ ജനങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടണം – മുഖ്യമന്ത്രി പറഞ്ഞു.

നാടിന്‍റെ താത്പര്യത്തിന് എതിരായി ചില ശക്തികൾ വന്നാൽ അതിൽ വഴിപ്പെടില്ല. അനാവശ്യ എതിർപ്പുകളിൽ വഴങ്ങുന്നത് സർക്കാരിന്‍റെ നിലപാടല്ല – മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് സഞ്ചാരവേഗം പ്രശ്നം തന്നെയാണ്. നാലരമണിക്കൂറിൽ കേരളത്തിന്‍റെ അങ്ങോളമിങ്ങോളം സഞ്ചരിക്കാൻ കഴിയുകയെന്നത് ചെറിയ കാര്യമല്ല. എറണാകുളത്ത് നിന്ന് കേരളത്തിന്‍റെ ഏത് പ്രധാന സിറ്റിയിലേക്കും രണ്ട് മണിക്കൂർ കൊണ്ട് എത്തിച്ചേരാൻ കഴിയും. 20 ലക്ഷം പേർക്ക് തൊഴിൽ നൽകാനുള്ള പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. നാട്ടിൽ ധാരാളം അഭ്യസ്തവിദ്യരുണ്ട്. വ്യവസായസ്ഥാപനങ്ങൾ വരണമെങ്കിൽ പശ്ചാത്തലസൗകര്യം കൂടണം. അങ്ങനെയെങ്കിൽ വികസനത്തിന് വേഗം കൂടും


Reporter
the authorReporter

Leave a Reply