Friday, December 27, 2024
Art & CultureLatest

ഭരണകൂട അനീതികൾക്കെതിരെ എഴുത്തുകാരുടെ മൗനം ദുഃഖകരം: എം.കെ രാഘവൻ എംപി


കോഴിക്കോട്: ഭരണകൂട അനീതികൾക്കും സമൂഹത്തിലെ പിന്തിരിപ്പൻ നിലപാടുകൾക്കും എതിരെ എഴുത്തുകാർ പുലർത്തുന്ന മൗനം ദുഃഖകരമാണെന്ന് എം.കെ രാഘവൻ എംപി അഭിപ്രായപ്പെട്ടു. എഴുത്തുകാരുടെ പ്രതികരണങ്ങൾ എല്ലാം സെലക്ടീവായി മാറുകയാണ്. കെ റെയിൽ വിഷയത്തിൽ പ്രതികരിച്ച കവികൾക്ക് നേരെ സൈബർ അതിക്രമം വരെ ഉണ്ടായി. അപ്പോഴും ശക്തമായ പ്രതിരോധം തീർക്കാൻ പല എഴുത്തുകാരും മടിച്ചു നിന്നു. അസഹിഷ്ണുത വേരോടുന്ന ഇന്ത്യൻ സാഹചര്യത്തിലും ഭരണകൂടത്തിന്റെ പ്രീതി നഷ്ടമാകുമോ എന്ന് ഭയക്കുന്ന കേരളത്തിലെ സാഹചര്യത്തിലും എഴുത്തുകാർ തങ്ങളുടെ നിലപാടുകളെ കുറിച്ച് ആത്മ പരിശോധന നടത്തണമെന്ന് എംപി ആവശ്യപ്പെട്ടു.
മലയാളം ലിറ്ററേച്ചർ ഫോറത്തിന്റെ 2021 -22 വർഷത്തെ സാഹിത്യ അവാർഡ് സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എഴുത്തുകാർ എക്കാലവും പ്രതിപക്ഷമായി നിന്ന് ജനങ്ങളുടെ ശബ്ദമായി മാറണം. ഭരണകൂടത്തെ തിരുത്തുവാനുള്ള ശക്തിയായി മാറണം. ഡോ. സുകുമാർ അഴീക്കോടിനെ പോലെ ശക്തമായ നിലപാട് പറഞ്ഞിരുന്ന എഴുത്തുകാരുടെ അഭാവം കേരളീയ സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് എം.കെ രാഘവൻ കൂട്ടിച്ചേർത്തു.
എന്നാൽ തുടർന്ന് സംസാരിച്ച കവി കൽപറ്റ നാരായണൻ എം.കെ രാഘവനോട് വിയോജിച്ചു. കേരളത്തിൽ പ്രതികരണശേഷിയുള്ള എഴുത്തുകാർ ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ പ്രതിപക്ഷം പൂർണാർത്ഥത്തിൽ അവരുടെ കടമ നിർവഹിക്കുന്നുണ്ടോ എന്നും കവി ചോദിച്ചു. ആക്രമിക്കപ്പെടുന്ന എഴുത്തുകാർക്കൊപ്പം പ്രതിപക്ഷം കൂടി ഉണ്ടെങ്കിൽ അത് വലിയ ശബ്ദമായി മാറും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശശി തരൂരിനെ പോലുള്ള പ്രഗൽഭരെ മുൻനിർത്തുന്നതിന് പകരം ബലൂണുകൾ എന്ന് വിളിച്ച് ആക്ഷേപിക്കുകയാണ് ചില കോൺഗ്രസ് നേതാക്കൾ ചെയ്യുന്നതെന്നും കൽപറ്റ ചൂണ്ടിക്കാട്ടി. കെ റെയിൽ വിഷയത്തിൽ പ്രതിപക്ഷം നടത്തിയ സമരം വിജയം കണ്ടു എന്ന് ചൂണ്ടിക്കാട്ടിയ യു.കെ കുമാരൻ കേരളത്തിൽ എഴുത്തുകാർക്കെതിരെ അസഹിഷ്ണുത വർധിക്കുകയാണെന്നും അഭിപ്രായപ്പെട്ടു. തങ്ങൾക്ക് താല്പര്യമില്ലാത്ത ശബ്ദങ്ങളെ ബലമായി അടിച്ചമർത്തുന്ന പ്രവണത എതിർക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ ജയചന്ദ്രൻ മൊകേരി അധ്യക്ഷനായിരുന്നു.

 

മധു ശങ്കർ മീനാക്ഷിയുടെ ‘പുള്ളിക്കറുപ്പൻ ‘ എന്ന കൃതിക്ക് ഉള്ള അവാർഡ് എം.കെ രാഘവൻ എംപിയും ഇടക്കുളങ്ങര ഗോപന്റെ സാൾട്ട് മാംഗോ ട്രീ എന്ന കവിതാ സമാഹാരത്തിനുള്ള അവാർഡ് യു.കെ കുമാരനും സമർപ്പിച്ചു. മലയാളം ലിറ്ററേച്ചർ ഫോറത്തിന്റെ കുറത്തിയാടൻ സ്മാരക പുരസ്കാരം ഗോപകുമാർ മുതുകുളത്തിന് പി.കെ അനിൽകുമാർ സമർപ്പിച്ചു. മുഖ്യപ്രഭാഷണം കൽപറ്റ നാരായണൻ നിർവഹിച്ചു. ശൈലൻ , ലിജീഷ് കുമാർ, സുധാകരൻ വടക്കാഞ്ചേരി,അഡ്വ: കെ.പി നിധീഷ്, കെ.കാർത്തികേയൻ,ബിനീഷ് ചേമഞ്ചേരി എന്നിവർ സംസാരിച്ചു. യുവ എഴുത്തുകാരി സഫി അലി താഹയുടെ രണ്ടു കൃതികൾ യു കെ കുമാരൻ പ്രകാശനം ചെയ്തു. സൂര്യ തെക്കയിൽ സ്വാഗതവും രമ്യ ലക്ഷ്മി നന്ദിയും രേഖപ്പെടുത്തി.
തുടർന്ന് കവിയരങ്ങ്, ഷിബു ഇചാമടത്തിന്റെ എകാങ്ക നാടകം ഉൾപ്പെടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.


Reporter
the authorReporter

Leave a Reply