വടകര: മുച്ചക്ര വാഹനത്തിനായി നാദാപുരം സ്വദേശി അശോകൻ ഏഴു വർഷമായി അപേക്ഷ നൽകി കാത്തിരിക്കുന്നു. ഒടുവിൽ അദാലത്തിലേക്ക്. വടകരയിൽ നടന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിലാണ് അശോകൻ പരാതിയുമായി എത്തിയത്.
സ്റ്റേജിൽനിന്നും അശോകന്റെ പരാതി സ്വീകരിക്കാൻ മന്ത്രി മുഹമ്മദ് റിയാസ് ഇറങ്ങിവന്നു. സാമൂഹ്യ ക്ഷേമ വകുപ്പ്, ജില്ല പഞ്ചായത്ത് , േബ്ലാക്ക് പഞ്ചായത്ത് തുടങ്ങി പല പദ്ധതികളിലും ഇയ്യങ്കോട് കാപ്പറോട്ട് മുക്കിൽ അശോകൻ അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. വാഹനമില്ലാത്തതിനാൽ പരസഹായമില്ലാതെ ഭിന്നശേഷിക്കാരനായ അശോകന് കോവിഡിനുശേഷം വീടിന് പുറത്ത് ഇറങ്ങാൻ കഴിഞ്ഞിട്ടില്ല. ‘എനിക്കും നിങ്ങൾക്കുമൊക്കെ നടക്കാൻ കാലുണ്ട്.
അതില്ലാത്ത ആളാണ് ഏഴ് കൊല്ലമായി കയറിയിറങ്ങുന്നത്. എത്രയും വേഗത്തിൽ ഇടപെടണം. പരിഹാരമായില്ലെങ്കിൽ എന്നെ നേരിട്ട് വിളിക്കണം.’ മന്ത്രി പറഞ്ഞു.ഏഴ് വർഷമായി ഓഫിസുകൾ കയറിയിറങ്ങുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ മന്ത്രി മുഴുവൻ ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി.
ഏത് പഞ്ചായത്തിലായാലും ഒരു മനുഷ്യൻ ഏഴ് വർഷമായെന്ന് പറയുമ്പോൾ അത് പരിഹരിക്കണ്ടേ? ഇവിടെയല്ല അവിടെയാണ് എന്നൊക്കെ പറഞ്ഞിട്ട് കാര്യമില്ല. എപ്പോ പരിഹരിക്കും. അതാണ് അറിയേണ്ടത്. നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ആവശ്യപ്പെട്ടു.