Friday, December 6, 2024
GeneralLatest

കുതിരവട്ടത്ത് വീണ്ടും സുരക്ഷ വീഴ്ച, രണ്ട് അന്തേവാസികള്‍ ചാടിപ്പോയി


കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷ വീഴ്ച. രണ്ട് അന്തേവാസികള്‍ ഇവിടെ നിന്ന് ചാടിപ്പോയി. ഉമ്മുക്കുല്‍സു, ഷംസുദീന്‍ എന്നിവരാണ് ഇന്ന് രാവിലെ ചാടിപ്പോയത്. നേരത്തെ യുവതിയുടെ കൊലപാതകം നടന്ന അതേ വാര്‍ഡില്‍ നിന്ന് തന്നെയാണ് സ്ത്രീ ചാടിപ്പോയിരിക്കുന്നത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഭിത്തിയില്‍ വെള്ളം കൊണ്ട് നനച്ച് പാത്രം കൊണ്ട് തുരന്നാണ് സ്ത്രീ ചാടി പോയത്. രാവിലെ കുളിക്കാന്‍ കൊണ്ട് പോയ സമയത്താണ് ഒമ്പതാം വാര്‍ഡിലുള്ള യുവാവ് രക്ഷപ്പെട്ടത്. ഇരുവരേയും ഈ അടുത്താണ് കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.

അതേസമയം കഴിഞ്ഞ ദിവസം കൊലപാതകം നടന്ന് അതേ വാര്‍ഡില്‍ നിന്ന് തന്നെ ഒരാള്‍ ചാടിപ്പോയത് ഗുരുതര സുരക്ഷ വീഴ്ചയാണെന്നാണ് വിലയിരുത്തല്‍. അഞ്ചാം വാര്‍ഡിലെ സെല്‍ നമ്പര്‍ 10 ലായിരുന്നു കൊലപാതകം നടന്നത്.

കൊലപാതകത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതില്‍ അന്വേഷണം നടക്കുകയാണ്. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് അഡീഷണല്‍ ഡി.എം.ഒ ഇന്ന് ഡി.എം.ഒ യ്ക്ക് കൈമാറും.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഹാരാഷ്ട്ര സ്വദേശിയായ ജിയോ റാം ലോട്ട് ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചിരിക്കുന്നത്. അന്നേ ദിവസം ജിയോ റാം ലോട്ടും മറ്റൊരു അന്തേവാസിയും തമ്മില്‍ സെല്ലിനുള്ളില്‍ അടിപിടി ഉണ്ടായിരുന്നു.

തുടര്‍ന്ന് പരിക്കേറ്റ അന്തേവാസിയെ മറ്റൊരു റൂമിലേക്ക് മാറ്റി ചികിത്സ നല്‍കിയിരുന്നു. എന്നാല്‍ ജിയോ കൊല്ലപ്പെട്ടത് രാവിലെയാണ് അധികൃതര്‍ അറിയുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്നേ ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എല്ലാവരേയും ചോദ്യം ചെയ്യും.

മാനസികാരോഗ്യ കേന്ദ്രത്തില്‍ ജീവനക്കാരുടെ കുറവ് ഉണ്ടെന്നാണ് കണ്ടെത്തല്‍. 469 ഓളം അന്തേവാസികള്‍ ഉള്ളിടത്ത് ആകെ നാല് സുരക്ഷ ജീവനക്കാര്‍ മാത്രമാണ് ഉള്ളത്. ജീവനക്കാരുടെ എണ്ണം കൂട്ടണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.


Reporter
the authorReporter

Leave a Reply