കോഴിക്കോട്: എസ്ഡിപിഐ പിന്തുണ സ്വീകരിക്കുന്നതിൽ കോണ്‍ഗ്രസിന് ഇരട്ട റോളെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. കാസര്‍കോടു മുതല്‍ പാലക്കാടുവരെ എസ്ഡിപിഐയുമായി അരങ്ങത്തും, തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഹിന്ദുവോട്ടുകള്‍ നഷ്ടപ്പെടുമെന്ന ഭയത്താല്‍ സഖ്യം അണിയറയിലാണെന്നും അദ്ദേഹം പറഞ്ഞു. ഹരികൃഷ്ണന്‍സ് സിനിമയിലെ ക്ലൈമാക്‌സ് പോലെയാണ് കോണ്‍ഗ്രസിന്റെ എസ്ഡിപിഐയോടുള്ള നിലപാടെന്നും അദ്ദേഹം പരിഹസിച്ചു. കോഴിക്കോടും ആലപ്പുഴയിലും എസ്ഡിപിഐ സഖ്യം എല്‍ഡിഎഫുമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ബിജെപി ഉയര്‍ത്തിയ പ്രതികരണമാണ് ആദ്യഘട്ടത്തിലെ തീരുമാനം മാറ്റി ഇപ്പോല്‍ പിന്തുണവേണ്ടെന്നുവച്ചത്. എന്നാല്‍ ഈ തീരുമാനം തത്വാധിഷ്ഠിതമല്ല. ദേശീയ രാഷ്ട്രീയത്തില്‍ തിരിച്ചടി നേരിടുമെന്ന തിരിച്ചറിവാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കാന്‍ കാരണം. എസ്ഡിപിഐ പിന്തുണ വേണ്ടന്ന് പറയാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇപ്പോഴും തയ്യാറല്ല. മുസളീംലീഗിന്റെ മധ്യസ്ഥതയില്‍ കോണ്‍ഗ്രസ്-എസ്ഡിപിഐ നേതാക്കള്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതെന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പിന്തുണ യുഡിഎഫിനാണെങ്കില്‍ നിയമസഭയില്‍ അത് എല്‍ഡിഎഫിനാകും. ഒരേസമയം ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും പിന്തുണ ഉണ്ടാവണമെന്നാണ് എസ്ഡിപിഐ ആഗ്രഹിക്കുന്നത്. എളമരംകരീം, കരീംക്കയായത് തീവ്രവാദികളുടെ അജണ്ടയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമി പരസ്യപിന്തുണ പ്രഖ്യാപിച്ചാല്‍ സിപിഎം നിലപാട് എന്തായിരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
തെരഞ്ഞെടുപ്പ് അടുക്കുന്തോറും എന്‍ഡിഎയുടെ സാധ്യത സംസ്ഥാനത്ത് വര്‍ധിച്ചുകൊണ്ടിരിക്കുന്നു. മോദി ഗാരന്റിയെ കേരളം നെഞ്ചോടുചേര്‍ക്കുന്നതിലുള്ള ഭയമാണ് ഭീകരസംഘടനകളുമായി സഖ്യത്തിന് എല്‍ഡിഎഫിനെയും യുഡിഎഫിനെയും പ്രേരിപ്പിക്കുന്നത്.
വികസനത്തെപ്പറ്റി ഒന്നും പറയാനില്ലാത്ത എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയവികാരം ഇളക്കിവിടുന്നു. വയനാട്ടില്‍ ലീഗിന്റെ പതാകയ്ക്ക് ഒപ്പം ത്രിവര്‍ണപതാക ഉപേക്ഷിക്കേണ്ടിവന്നത് ലീഗിന്റെ ഭീഷണിയെ തുടര്‍ന്നാണ്. സ്വന്തം പതാകയെ അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കാത്തവണ്ണം കോണ്‍ഗ്രസ് മതഭീകരസംഘടനകള്‍ക്ക് കീഴടങ്ങിയെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.
എൻഡിഎ സ്ഥാനാർത്ഥി എംടി രമേശിൻ്റെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പര്യടനം പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. താമരശ്ശേരി കട്ടിപ്പാറയിൽ നടന്ന ചടങ്ങിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ബിജെപി കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി ജില്ലാ പ്രസിഡന്റ് വി കെ സജീവൻ, സംസ്ഥാന സമിതി അംഗം ഗിരീഷ് തേവള്ളി, സംസ്ഥാന കൗൺസിൽ അംഗം ഷാൻ കട്ടിപ്പാറ, വൈസ് പ്രസിഡന്റ് ഹരിദാസൻ കൊക്കനാരി, മണ്ഡലം പ്രസിഡന്റ് ഷാൻ കരിഞ്ചോല , ജനറൽ സെക്രട്ടറി പി കെ ചന്ദ്രൻ, തുടങ്ങിയവർ പങ്കെടുത്തു.