കോഴിക്കോട് : റേഷൻ കടയ്ക്ക് മുൻപിൽ വച്ചിരുന്ന ത്രാസ് മോഷ്ടിച്ച കള്ളൻ സിസിടിവിയിൽ കുടുങ്ങി. നരിക്കുനി കൊടോളിയിലെ 122 നമ്പർ റേഷൻ കടയിലെ ത്രാസാണ് മോഷണം പോയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു സംഭവം. മോഷ്ടിച്ചത് മടവൂർ മുക്ക് സ്വദേശിയായ യുവാവാണെന്ന് സിസിസടിവി ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞു.
ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി കട അടച്ചുപോയ സമയത്താണ് കടയുടെ വരാന്തയിലെ മേശയിൽ വച്ചിരുന്ന ത്രാസ് മോഷ്ടിച്ചത്. കട നടത്തിപ്പുക്കാരൻ ഷാഫി തിരിച്ചെത്തിയപ്പോളാണ് മോഷണം നടന്ന വിവരം അറിയുന്നത്. ഉടനെ സിസിടിവി പരിശോധിച്ചു. തുടർന്ന് കൊടുവള്ളി പോലീസിൽ പരാതി നൽകി.
ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. മോഷ്ടിച്ച ത്രാസ് യുവാവ് പാലങ്ങാട് ആക്രിക്കടയിൽ വിറ്റുവെന്നും കടയുടമ ഷാഫി പറഞ്ഞു.