ദക്ഷിണമേഖലാ ഗ്രൂപ്പ് ബി യോഗ്യതാ മത്സരത്തിൽ ആൻഡമാൻ ആൻ്റ് നിക്കോബാറിനെ ഏകപക്ഷീയമായ ഒൻപത് ഗോളുകൾക്കാണ് കേരളം തകർത്തത്.
ആദ്യ പകുതി അവസാനിക്കുമ്പോൾ മൂന്ന് ഗോളിന് മുന്നിലായിരുന്നു കേരളം.
കേരളത്തിനായി ജെസിനും നിജോ ഗിൽബർട്ടും ഇരട്ട ഗോൾ നേടി.
മുഹമ്മദ് ബാസിത്, അർജുൻ ജയരാജ്, വിബിൻ തോമസ്, സൽമാൻ, മുഹമ്മദ് സഫ്നാദ് എന്നിവരും വല കുലുക്കി.
ആദ്യ പകുതിയിൽ മധ്യനിര മികച്ച കളി പുറത്തെടുത്തെങ്കിലും മുന്നേറ്റ നിര അവസരങ്ങൾ പാഴാക്കുകയായിരുന്നു.
ആൻഡമാൻ ഗോളിയുടെ മികച്ച സേവുകളും സ്കോർ ഉയർത്തുന്നതിൽ കേരളത്തിന് തിരിച്ചടിയായി.
രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണ സ്വഭാവം കാട്ടിയ മുൻനിര ഗോളടിക്കുന്നതിലും പിശുക്ക് കാട്ടിയില്ല.
അതേ സമയം ആൻഡമാന് ഒരു തവണ പോലും കേരളത്തിൻ്റെ പകുതിയിലേക്ക് കടക്കാനായില്ല.
കേരളം ആദ്യ മത്സരത്തിൽ ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.
യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ കേരളം ഞായറാഴ്ച പോണ്ടിച്ചേരിയെ നേരിടും.