Wednesday, December 4, 2024
Art & CultureLatestLocal News

കടലിൻ്റെ കഥ പറഞ്ഞ് “സാഗരനീലിമ” 27 മുതൽ കാപ്പാട്


കൊയിലാണ്ടി: പൂക്കാട് കലാലയം ചുമർ ചിത്ര വിഭാഗം ഒരുക്കുന്ന ചുമർചിത്ര പ്രദർശ്ശനം”സാഗരനീലിമ” ഡിസംബർ 27 മുതൽ ജനുവരി 3 വരെ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കാപ്പാടുള്ള സൈമൺ ബ്രിട്ടോ ആർട്ട് ഗ്യാലയിൽ നടക്കും.
കലാലയം ചുമർചിത്രകലാ വിഭാഗം അദ്ധ്യാപകൻ സതീഷ് തായാട്ടിൻ്റെ ശിക്ഷണത്തിലുള്ള 26 ചുമർചിത്ര വിദ്യാർത്ഥികൾ ഒരുക്കുന്ന പ്രദർശ്ശനമാണ് “സാഗരനീലിമ

സാമ്പ്രദായിക ചുമർചിത്ര ശൈലിയുടെ വിഷയ സ്വീകരണത്തിലുള്ള അതിരുകളും പരിമിതികളും ഭേദിച്ചാണ് ഈ ചിത്രകാരക്കൂട്ടം ചിത്രമൊരുക്കുന്നത്. ധ്യാന ശ്ലോകമനുസരിച്ച് ദേവീദേവന്മാരുടെ ചിത്രങ്ങളും പുരാണ കഥാ സന്ദർഭങ്ങളും ചിത്രീകരിക്കുന്ന കേരളീയ ചുമർച്ചിത്ര കലാശൈലിയുടെ പതിവു രീതികൾ സാഗരനീലിമ ലംഘിക്കുന്നു. പകരം കടലും കടപ്പുറവും അവിടത്തെ ജൈവികതയും ജീവിതവും നാട്ടുകഥകളും മിത്തുകളും വിശ്വാസങ്ങളും കാഴ്ചകളും ചിത്രരചനയ്ക്കുള്ള വിഷയമാവുന്നു. എന്നാൽ കേരളീയ ചുമർച്ചിത്ര ശൈലിയിൽ ഒട്ടിനിന്നു തന്നെ. ഒരു വർഷത്തിലേറെ നീണ്ട തയ്യാറെടുപ്പുകളും പരിശീലനങ്ങളുമാണ് സാഗരനീലിമയ്ക്ക് പിറകിലുളളത്. സതീഷ് തായാട്ട്, യു.കെ രാഘവൻ, സുരേഷ് ഉണ്ണി, ഏ.കെ. രമേശ് തുടങ്ങിയ ചിത്രകാരന്മാരുടെ നിർദ്ദേശങ്ങളും സാഗര നീലിമയ്ക്ക് കരുത്തായുണ്ട്. കലാലയവും ചിത്രവിഭാഗവും പ്രദർശനത്തിനും സംഘാടനത്തിനും ഒപ്പമുണ്ട്. ഗുരുവായൂരിലെ ദേശീയ ചുമർച്ചിത്ര പഠനകേന്ദ്രത്തിലെ പ്രിൻസിപ്പാളും ചിത്രകാരനുമായ കെ.യു. കൃഷ്ണകുമാർ പ്രദർശനം ഉദ്ഘാടനം ചെയ്യും. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അധ്യക്ഷ സതി കിഴക്കയിൽ ചടങ്ങിൽ ഒപ്പമുണ്ടാകും.

ഡിസംബർ 25 ക്രിസ്തുമസ് ദിനത്തിൽ ചിത്രകാരൻ സുരേഷ് ഉണ്ണി നേത്രോന്മീലനം നടത്തി ചിത്രരചന പൂർണ്ണമാക്കി.
വരച്ച് പൂർത്തിയായ ചിത്രത്തിൻ്റെ മിഴിതുറക്കുന്ന ചടങ്ങാണ് നേത്രോന്മീലനം. യു.കെ. രാഘവൻ, സുനിൽ തിരുവങ്ങൂർ, സതീഷ് തായാട്ട്, വികാസ് കോവൂർ, മുരളി കാഞ്ഞിലശ്ശേരി, ഏ.കെ. രമേശ് എന്നിവർ സംസാരിച്ചു


Reporter
the authorReporter

Leave a Reply