കോഴിക്കോട്: കോർപറേഷൻ പരിധിയിൽ വെള്ളമെത്തിക്കാൻ കൂടുതൽ വാഹനങ്ങളൊരുക്കി കോർപറേഷൻ. ദേശീയപാത-66ന്റെ വികസനത്തിന്റെ ഭാഗമായി ജെയ്കയുടെ പ്രധാന വിതരണ ലൈൻ മാറ്റിസ്ഥാപിക്കുന്നതിനാൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച രാത്രി മുതൽ നാലു ദിവസം കുടിവെള്ളം മുടങ്ങുന്ന സാഹചര്യത്തിലാണ് കോർപറേഷൻ കുടിവെള്ള വിതരണത്തിന് കൂടുതൽ നടപടികൾ സ്വീകരിച്ചത്. നാലു ദിവസം ജലവിതരണമുണ്ടാകില്ലെന്ന വിവരം ലഭിച്ചതോടെ ആശങ്കയിലായ ജനങ്ങൾക്ക് ആശ്വാസ നടപടികൾ ഒരുക്കുന്നതിനാണ് വാഹനങ്ങൾ വാടകക്കെടുത്തും കുടിവെള്ള വിതരണം ഉറപ്പുവരുത്തിയതെന്ന് കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. മുനവർ പറഞ്ഞു.
വലിയ വാഹനങ്ങൾ എത്താത്തിടങ്ങളിലേക്ക് ചെറിയ വാഹനങ്ങളിലാകും വെള്ളമെത്തിക്കുക. പതിനഞ്ചോളം വാഹനങ്ങളാണ് വിതരണത്തിന് നിയോഗിക്കുക. വെള്ളം ആവശ്യപ്പെട്ട് റെസിഡന്റ്സ് അസോസിയേഷനുകളും സംഘടനകളും രേഖാമൂലം കത്ത് കോർപറേഷൻ അധികൃതർക്ക് നൽകിയിട്ടുണ്ട്. കേടായിക്കിടന്നിരുന്ന കുടിവെള്ള വിതരണ വാഹനവും അറ്റകുറ്റപ്പണി നടത്തി റോഡിലിറക്കിയിട്ടുണ്ട്. സർക്കാർ ആശുപത്രികളും വെള്ളമെത്തിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ദേശീയപാത-66 വേങ്ങേരി ഓവർപാസ് നിർമാണത്തിനു തടസ്സമായി നിൽക്കുന്ന ജെയ്ക പദ്ധതിയുടെ പൈപ്പ് മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തിയാണ് ജലമുടക്കത്തിന് കാരണമായത്. മാവൂരിൽനിന്നുള്ള വിതരണത്തിന് തടസ്സമുണ്ടാകാത്തത് ആയിരക്കണക്കിന് രോഗികളും ബന്ധുക്കളും കഴിയുന്ന മെഡിക്കൽ കോളജ് ആശുപത്രിയെ വലിയതോതിൽ ബാധിക്കില്ല. പെരുവണ്ണാമൂഴിയിൽനിന്നുള്ള വിതരണം മാത്രമാണ് നിർത്തുന്നത്. നവംബർ അഞ്ചു മുതൽ എട്ടുവരെയാണ് പ്രവൃത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളത്തിന് ഈ ദിവസങ്ങളിൽ നെട്ടോട്ടമുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
ദേശീയപാത-66ന്റെ വികസനത്തിന്റെ ഭാഗമായി വേങ്ങേരി, ഫ്ലോറിക്കൻ ഹിൽ റോഡ് ജങ്ഷനുകളിലെ ജെയ്കയുടെ പ്രധാന വിതരണ ലൈൻ റോഡിന്റെ വശങ്ങളിലേക്ക് മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തിക്ക് പെരുവണ്ണാമൂഴി ജല ശുദ്ധീകരണശാല ഷട്ട്ഡൗൺ ചെയ്യുന്നതുമൂലമാണ് വിതരണം മുടങ്ങുന്നത്. കോഴിക്കോട് കോർപറേഷനിലും ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂർ, തലക്കുളത്തൂർ, ചേളന്നൂർ, കക്കോടി, കുരുവട്ടൂർ, കുന്ദമംഗലം, പെരുവയൽ, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി ഗ്രാമപഞ്ചായത്തുകളിലും ഫറോക്ക് മുനിസിപ്പാലിറ്റിയിലും ജലവിതരണം മുടങ്ങും. അവധിക്കു മുമ്പേ പ്രവൃത്തി പൂർത്തീകരിക്കാൻ വിവിധ ഭാഗങ്ങളിലുള്ള വകുപ്പ് ജീവനക്കാരെ നിയോഗിച്ചാണ് വാട്ടർ അതോറിറ്റി ആക്ഷൻ പ്ലാൻ ഒരുക്കിയിരിക്കുന്നത്. നാലു ദിവസം വേണ്ടിവരുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും പരമാവധി വേഗത്തിൽ പൂർത്തീകരിക്കാനുള്ള നീക്കമാണ് ജല അതോറിറ്റി സ്വീകരിച്ചിരിക്കുന്നത്.