Friday, November 22, 2024
GeneralLocal News

മാംസകടകളിൽ നിരന്തര പരിശോധന ഉറപ്പാക്കണം:മനുഷ്യാവകാശ കമ്മീഷൻ


കോഴിക്കോട്: മാംസകടകളിലും മറ്റും നിരന്തരം മിന്നൽപരിശോധനകൾ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകി.

2006 ലെ ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് ജനങ്ങൾക്ക് വൃത്തിയുള്ളതും സുരക്ഷിതവുമായ ഭക്ഷണമാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കാനുള്ള ബാധ്യത ഭക്ഷ്യസുരക്ഷാ വകുപ്പിനുണ്ടെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഭക്ഷണപദാർത്ഥങ്ങളാണ് ജനങ്ങളുടെ ഉപഭോഗത്തിനായി ലഭ്യമാക്കുന്നതെന്ന് ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കണമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

തലക്കുളത്തൂർ അണ്ടിക്കോട് സി.പി.ആർ ചിക്കൻ സ്റ്റാളിൽ ചത്ത കോഴി വിൽക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കമ്മീഷൻ സംസ്ഥാന പോലീസ് മേധാവി,ഭക്ഷ്യസുരക്ഷാ കമ്മീഷണർ എന്നിവരിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു.ചത്തകോഴി വിൽക്കുന്നതായുള്ള സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ എലത്തൂർ പോലീസ് സ്ഥലത്തെത്തി സ്ഥാപനം അടച്ചുപൂട്ടി താക്കോൽ കസ്റ്റഡിയിലെടുത്തതായി സംസ്ഥാന പോലീസ് മേധാവിക്ക് വേണ്ടി ടൗൺ സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ കമ്മീഷനെ അറിയിച്ചു. തുടർന്ന് 2024 ആഗസ്റ്റ് 28 ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 33 കിലോ ജീവനില്ലാത്ത അഴുകിയ കോഴി കണ്ടെത്തി. തുടർന്ന് കടയുടമയുടെ ലൈസൻസ് റദ്ദാക്കി. 25000 രൂപ പിഴ ചുമത്തിയെങ്കിലും പിഴ അടയ്ക്കാത്തതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ കടയുടമക്കെതിരെ റവന്യൂറിക്കവറി നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ചത്തകോഴിയുടെ മാംസം വിൽപ്പന നടത്തി നല്ല ഭക്ഷണം കഴിക്കാനുള്ള ജനങ്ങളുടെ അവകാശം ധ്വംസിക്കുന്ന ഇത്തരക്കാർ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്ന് ഉത്തരവിൽ പറഞ്ഞു. ഇവർക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കുന്നതിനൊപ്പം ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കേണ്ടത് അനിവാര്യമാണെന്നും ഉത്തരവിൽ പറയുന്നു.

മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട് സിറ്റിംഗ് നാളെ

കോഴിക്കോട് : സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നാളെ (29/10/2024) രാവിലെ 10.30 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൌസിൽ സിറ്റിംഗ് നടത്തും.


Reporter
the authorReporter

Leave a Reply