കോഴിക്കോട്: ഇന്ത്യൻ റെയ്കി അസോസിയേഷന്റെ 13-ാമത് ‘രൈക്വഋഷി’ പുരസ്കാരം ജൈവകൃഷി ആചാര്യനും ‘ഒരേ ഭൂമി ഒരേ ജീവൻ’പരിസ്ഥിതി സംരക്ഷണ സംഘടനയുടെ സ്ഥാപകാംഗവുമായ ആലപ്പുഴ മുഹമ്മ സ്വദേശി കെ.വി.ദയാലിന്.
ഇന്ത്യൻ റെയ്കി അസോസിയേഷന്റെ 25-ാം വാർഷികദിനമായ ഒക്ടോബർ 31-ന് വൈകീട്ട് മൂന്നിന് ഹോട്ടൽ അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ ശ്രീപുരം താന്ത്രിക ഗവേഷണ കേന്ദ്രം ചെയർമാൻ എൽ.ഗിരീഷ് കുമാർ പുരസ്കാരം സമ്മാനിക്കും. ആർട്ടിസ്റ്റ് മദനൻ രൂപകല്പന ചെയ്ത ഫലകവും പ്രശസ്തി പത്രവും പൊന്നാടയും ഉൾപ്പെട്ടതാണ് പുരസ്കാരം.
ഇന്ത്യൻ റെയ്കി അസോസിയേഷന്റെ സ്ഥാപകനും ബി.ജെ.പി. മുൻ ദേശീയ നിർവ്വാഹകസമിതി അംഗവുമായ സി.എം.കൃഷ്ണനുണ്ണിയുടെ 10-ാം അനുസ്മരണ പ്രഭാഷണം ബി.ജെ.പി. ഉത്തര കേരള ട്രഷറർ ടി.വി. ഉണ്ണികൃഷ്ണൻ ഇതേ ചടങ്ങിൽ നടത്തും.
എം.സുരേഷ് കുമാർ
ജനറൽ സെക്രട്ടറി, ഫോൺ: 9447161609
………………………………………………………………………………………
കെ.വി.ദയാൽ
മുഹമ്മയിലെ ഒരേക്കര് മണല്പ്പരപ്പ് 22 വര്ഷത്തിന്റെ ശ്രമഫലമായി കാടായും അര ഏക്കറില് കൃഷിക്കായി ഒരു മൈക്രോ മോഡലും സൃഷ്ടിച്ചെടുത്തത് കണക്കിലെടുത്താണ് കെ.വി.ദയാലിന് അവാർഡ് നൽകി ആദരിക്കുന്നത്. നേരത്തെ സംസ്ഥാന സർക്കാർ വനമിത്ര പുരസ്കാരം നല്കി ആദരിച്ചിട്ടുണ്ട്.
ലോകത്തിലാദ്യമായി ഒരു സര്വകലാശാലയെകൊണ്ട് കര്ഷകര്ക്ക് വേണ്ടി അവരുടെ പ്രായമോ വിദ്യാഭാസമോ കണക്കിലെടുക്കാതെ ജൈവ കൃഷിയില് ഒരു സര്ട്ടിഫിക്കറ്റ് കോഴ്സ് തുടങ്ങുവാന് നേതൃത്വം നല്കിയ അദ്ദേഹം നിലവില് മഹാത്മാ ഗാന്ധി സര്വ്വകലാശാലയില് ജൈവ കൃഷി കോഴ്സിന്റെ ചീഫ് കോര്ഡിനേറ്ററാണ്.
………………………………………………………………………………………
രൈക്വ ഋഷി പുരസ്കാരം
ഛാന്ദോഗ്യോപനിഷത്തിൽ പരാമർശിക്കുന്ന കാളവണ്ടിക്കാരനായ രൈക്വ മഹർഷിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ രൈക്വഋഷി പുരസ്കാരത്തിന് നിഷ്കാമ കർമ്മയോഗികളെയും ഭാരതീയ സംസ്കാരത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവരെയുമാണ് യോഗ്യരായി കാണുന്നത്.
ഡോ.എം.ലക്ഷ്മീകുമാരി (2007), മഹാകവി അക്കിത്തം (2008), പ്രൊഫ. വാസുദേവൻ പോറ്റി (2009), ചേമഞ്ചേരി കുഞ്ഞിരാമൻ നായർ (2010), വി. എം.സി.ശങ്കരൻ നമ്പൂതിരി (2011), സായിറാം ഭട്ട് (2012), സുമംഗലാ ദേവി (2013), കെ.ബി.ശ്രീദേവി (2014), ഡോ.ധനഞ്ജയ് സഗ്ദേവ് (2015), ഡോ.കെ.കെ.മുഹമ്മദ് (2017), നാട്യാചാര്യൻ മനു മാസ്റ്റർ (2019), ചെറുവയൽ രാമൻ (2022) എന്നിവരാണ് മുൻ വർഷങ്ങളിലെ അവാർഡ് ജേതാക്കൾ. കോവിഡ് വ്യാപനം മൂലം 2020, 2021, 2023 വർഷങ്ങളിൽ അവാർഡ് ദാനം നടന്നിരുന്നില്ല.