Politics

മത വിദ്വേഷ പ്രചരണം; യുഡിഎഫിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ബിജെപി


കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ്സും, യുഡിഎഫും വർഗീയ വിദ്വേഷം വിതയ്ക്കുന്നുവെന്ന് ബിജെപി. യുഡിഎഫ് സ്ഥാനാർഥി എംകെ രാഘവന്റെ പ്രചരണാർത്ഥം നഗരത്തിൽ സ്ഥാപിച്ച കൂറ്റൻ ഹോർഡിങ്‌സുകളിലെ മതവിദ്വേഷവും, രാജ്യ വിരുദ്ധ പരാമർശങ്ങളും ചൂണ്ടിക്കാട്ടി ബിജെപി ജില്ലാ അധ്യക്ഷൻ വി കെ സജീവൻ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

സി എ എ, മണിപ്പൂർ കലാപം, പൊതു സിവിൽ കോഡ് തുടങ്ങിയ വിഷയങ്ങൾ പരാമർശിക്കുന്ന ബോർഡ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും, കേന്ദ്ര സർക്കാരിനെതിരെ ജനങ്ങളിൽ ശത്രുത വളർത്തുന്നതുമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സർക്കാർ പൊതു സിവിൽകോഡ് ജനങ്ങളെ ഭിന്നിപ്പിക്കാൻ ഉപയോഗിക്കുന്നുവെന്നും ഹോർഡിങ്‌സിൽ രേഖപ്പെടുത്തിയിട്ടുണ്ട് . അത്യന്തം രാജ്യവിരുദ്ധവും, ജനങ്ങളെ ഭിന്നിപ്പിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളതുമായ ബോർഡ് , തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും പരാതിയിൽ പറയുന്നു.

ന്യൂന പക്ഷ വിഭാഗങ്ങൾക്കിടയിൽ ഭീതി ജനിപ്പിക്കാനും, കോഴിക്കോടിന്റെ സാമൂഹിക സമരസത നശിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ബോർഡ് , യുഡിഎഫ് സ്ഥാനാർഥി എംകെ രാഘവന്റെ അറിവോട് കൂടിയാണെന്നും, കുറ്റക്കാർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും, ബോർഡ് നീക്കാനുള്ള നടപടികൾ ഉടനടി സ്വീകരിക്കണമെന്നും വികെ സജീവൻ പരാതിയിൽ ആവശ്യപ്പെട്ടു


Reporter
the authorReporter

Leave a Reply