കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി വിഭാഗത്തില്‍ നിന്നും വിരമിക്കുന്ന പ്രൊഫ. വി.വി.രാധാകൃഷ്ണനും പ്രൊഫ. എ.കെ.പ്രദീപിനും യാത്രയയപ്പ് നല്‍കി. വൈസ് ചാന്‍സലര്‍ ഡോ.എം.കെ.ജയരാജ് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അക്കാദമിക രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ പ്രഗത്ഭരാണ് പ്രൊഫ. വി.വി.രാധാകൃഷ്ണനും പ്രൊഫ. എ.കെ.പ്രദീപുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏലത്തിന്റെ ആദ്യസങ്കരയിനം വികസിപ്പിച്ചെടുത്തത് പ്രൊഫസര്‍ രാധാകൃഷ്ണന്റെ ഗവേഷണ പഠനങ്ങളിലൂടെയാണ്. ബോട്ടണി വിഭാഗം മേധാവിയായും സയന്‍സ് ഫാക്കല്‍റ്റി ഡീനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക ശാസ്ത്ര സ്ഥാപനങ്ങളുടെയും ഗവേഷണ ഉപദേശക സമിതി അംഗമാണ്.
പ്രഗത്ഭനായ സസ്യവര്‍ഗീകരണ ശാസ്ത്രാധ്യപകനാണ് പ്രൊഫ. എ.കെ.പ്രദീപ്. ഇരുപത്തിയെട്ട് പുതിയ സസ്യയിനങ്ങളെ അദ്ദേഹം ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ ശ്രമഫലമായി കാലിക്കറ്റ് സര്‍വകലാശാലയിലെ ഹെര്‍ബേറിയം നാഷണല്‍ റെപ്പോസിറ്ററി എന്ന നിലയിലേക്ക് ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. പ്രൊഫ. എ.കെ.പ്രദീപിനോടുള്ള ആദരസൂചകമായി നാല് സസ്യങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പേര് നല്‍കിയിട്ടുണ്ട്.ബോട്ടണി വകുപ്പ് അധ്യക്ഷന്‍ ഡോ.സി.സി.ഹരിലാല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രൊഫസര്‍മാരായ കെ.വി.മോഹനന്‍, പി.വി.മധുസൂദനന്‍, കെ.എം.ലീലാവതി, ജോണ്‍ ഇ തോപ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.