Saturday, November 23, 2024
Art & CultureExclusiveGeneralLatest

മാജിക്കിൻ്റെ മാസ്മരികത ആരോഗ്യ പ്രവർത്തകർക്ക് മുന്നിൽ അവതരിപ്പിച്ച് പ്രദീപ് ഹുഡിനോ ആശുപത്രി വിട്ടു.


 കോഴിക്കോട്: രക്ഷപ്പെടൽ ജാലവിദ്യയുടെ വിദഗ്ധനാണ് മുന്നിൽ കിടക്കുന്ന വ്യക്തി എന്ന് ചെറുവണ്ണൂർ കോയാസ് ഹോസ്പിറ്റലിലെ എമർജൻസി മെഡിക്കൽ ഓഫീസർ ഡോ.ഷംസീറിന് വിശ്വസിക്കാനായില്ല. ബേപ്പൂർ ബീച്ചിലെ സ്റ്റേജിന് മുൻനിരയിലിരുന്ന മാന്ത്രികൻ പ്രദീപ് ഹൂഡിനോയുടെ തലയിൽ പിന്നിലുണ്ടായിരുന്ന ഹാലജൻ ലൈറ്റ് സ്റ്റാൻഡ് സഹിതം പതിച്ചു. സാമാന്യം വലിയ മുറിവും രക്തപ്രവാഹവുമായാണ് മാന്ത്രികനെ ബേപ്പൂർ പോലീസ് സി.ഐ സിജിത്തും സംഘവും ആശുപത്രിയിലെത്തിച്ചത്.
പത്ത് സ്റ്റിച്ചിട്ട് മുറിവ് കൂട്ടിക്കെട്ടി. രണ്ടാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ച് അടുത്ത ദിവസം ഡിസ്ച്ചാർജ് ചെയ്തു.
വീണ്ടും ഡ്രസ്സ് ചെയ്യാനെത്തിയതായിരുന്നു മാന്ത്രികൻ.മുറിവുണങ്ങുന്നുണ്ട്……. അന്നു പറയാൻ പറ്റില്ലല്ലോ, ഇന്നെന്തായാലും മാജിക് കാണിച്ചേ പറ്റു, ആശുപത്രി ജീവനക്കാർ പറഞ്ഞു. കൂടെ ഡോ.ഷംസീനും വിവരമറിഞ്ഞ് ചീഫ് ഫിസിഷ്യൻ ഡോ.ശശിധരനുമെത്തി.

മാന്ത്രികൻ പോക്കറ്റിൽ നിന്നൊരു ബോളെടുത്ത് അപ്രത്യക്ഷമാക്കി. അത് ഐശര്യയുടെ കൈക്കുള്ളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടു. ഒരു കഷണം കയർ മുറിച്ച ഡോ.ശശിധരന് അത് വീണ്ടും ഒന്നായപ്പോൾ വിശ്വസിക്കാനായില്ല. എല്ലാവരും ആ കാഴ്ചയിൽ ലയിച്ചിരിക്കെ മാന്ത്രികൻ എമർജൻസി നിരീക്ഷണത്തിലുള്ള രോഗിയുടെ അടുത്തേക്ക് നീങ്ങി. ആർ.ഇ.സി കമ്പനി മുക്കിന് സമീപത്തെ കച്ചവടക്കാരനാണ് കബീർ മുക്കം. ബൈക്ക് യാത്രക്കിടെ ചെറുവണ്ണൂരിൽ വെച്ച് അപകടം സംഭവിച്ച് നിരീക്ഷണാർത്ഥം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തതാണ്. ഡോക്റ്റർമാരെയും ഹോസ്പിറ്റൽ ജീവനക്കാരെയും ആശങ്കപ്പെടുത്തിക്കൊണ്ട് കബീറിൻ്റെ കയ്യിലേക്കുള്ള ഗ്ലൂക്കോസ് ഡ്രിപ് ട്യൂബ് മാന്ത്രികൻ കത്രിക കൊണ്ട് മുറിച്ചു മാറ്റി. ഒരു നിമിഷത്തെ നിശ്ശബ്ദത, മാന്ത്രികൻ കൈ മുദ്ര കാണിച്ചപ്പോൾ ഡ്രിപ് ട്യൂബ് പൂർവ്വസ്ഥിതി പ്രാപിച്ചു. “ദിസ് ഈസ് റിയലി ഏൻ ഇല്യൂഷൻ” ഡോ.ശശിധരൻ തറപ്പിച്ചു പറഞ്ഞു. എല്ലാവരെയും വിസ്മയത്തിലാഴ്ത്തിയ പ്രദീപ് ഹുഡിനോ ആശുപത്രിയിൽ നിന്ന് ഗുഡ് ബൈ പറഞ്ഞ് യാത്രയായി…

(പരിക്കേറ്റ് ആശുപത്രിയിൽ കിടന്ന പ്രദീപ് ഹുഡിനോയെ ടൂറിസം പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസും സി.പി.എം ഫറോക്ക് ഏരിയ സെക്രട്ടറി എം.ഗിരീഷും സന്ദർശിച്ചപ്പോൾ )

 


Reporter
the authorReporter

Leave a Reply